മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയെയും സാമ്പത്തിക വരുമാനത്തെയും കുറിച്ച് ചോദ്യങ്ങളുയര്‍ത്തി കെ.എം. ഷാജഹാന്‍. ഷാജഹാന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മകള്‍ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഇന്നലെ നടന്ന പതിവ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെ:

‘അത്തരത്തിലുള്ള എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞു നടക്കാന്‍ സമയമില്ല. എനിക്ക് ആശങ്കയില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളു. ആ ധൈര്യം തന്നെയാണ് ഇതേ വരെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ആരോപണം ഉന്നയിച്ചവര്‍ തെളിവ് കൊണ്ടുവരട്ടെ ‘.

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍, മകള്‍ വീണയുടെ ബംഗളൂരുവിലുള്ള ഐ ടി ബിസിനസ്സുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങള്‍ അവതരിപ്പിക്കകയാണ്. മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വരവ് – ചിലവ് സംബന്ധിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചവയാണ് ഈ വിവരങ്ങളും കണക്കുകളും.

Exalogic Solutions Private Ltd,

No21, 2nd Floor, PlD-98-50-2l, New No.20-W181-40, 1st Main Road, Hebbal Ganganagara layout, Bangalore, Karnataka എന്നതാണ് കമ്പനിയുടെ മേല്‍വിലാസം.

Veena Thayikandiyil, D/O Pinarayi Vijayan, residing at AKG centre, Palayam, Trivandrum 695034 എന്നതാണ് നല്‍കിയിരിക്കുന്ന മേല്‍വിലാസം.

കമ്പനി നിയമപ്രകാരമുള്ള One Person Company ആയി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡയറക്ടര്‍, പിണറായി വിജയന്റെ മകളായ വീണ തായിക്കണ്ടിയിലാണ്.10 രൂപ വിലയുള്ള 10,000 ഓഹരികളാണ് വീണയുടെ പേരിലുള്ളത്.

വീണയുടെ അമ്മയും, പിണറായി വിജയന്റെ ഭാര്യയുമായ കമല തായിക്കണ്ടിയിലാണ് മേല്പറഞ്ഞ കമ്പനിയുടെ നോമിനി.

19.9.2014ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഇനി, വീണാ തായിക്കണ്ടിയിലിന്റെ കമ്പനിയുടെ വരവ് ചെലവ് കണക്കുകളിലേക്ക് വരാം.

2015ല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി, വായ്പയായി വീണയുടെ കൈവശമുള്ള 14, 56,336 രൂപയുമായി. 2015ല്‍ കമ്പനിക്ക് വരുമാനമില്ല.2016ല്‍ 25,10,187 രൂപയുടെ (25.10 ലക്ഷം രൂപ) വരുമാനം കമ്പനി നേടി.ആ വര്‍ഷം എംപവര്‍ ഇന്ത്യാ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനി 25,00,000 ( 25 ലക്ഷം രൂപ)രൂപയും, ധനലക്ഷ്മി ബാങ്ക് 33,87,135 രൂപയും (33.87 ലക്ഷം രൂപ) വായ്പയായി നല്‍കി.

2019 ഓടെ കമ്പനിയുടെ ലാഭം 1,11, 200,32( 1. 11 കോടി രൂപ) യായി കുത്തനെ ഉയര്‍ന്നു. വീണ കമ്പനിയിലേക്ക് കൊണ്ടുവന്ന വായ്പയും 44,46,586 രൂപ (44.46 ലക്ഷം രൂപ) 2019 ഓടെ കുത്തനെ ഉയര്‍ന്നു. ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച വായ്പയും 2019 ഓടെ ഉയര്‍ന്ന് 43, 11, 500 രൂപ (43.11 ലക്ഷം രൂപ) ആയി.2019 ലും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്ന് 4,88,569 രൂപ വായ്പയായി ലഭിച്ചു.

2016ല്‍ 44.83 ലക്ഷം രൂപയും 2017ല്‍ 29.81 ലക്ഷം രൂപയും നഷ്ടത്തിലായിരുന്ന കമ്പനി, 2018 ഓടെ 17.55 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി.2019 ല്‍ കമ്പനിയുടെ നഷ്ടം 50,440 രൂപയായിരുന്നു.

കമ്പനിയുടെ ബാംഗ്ലൂരിലെ 2016ലെ വാടക ചിലവ് 11, 12,3,34 ( 1.12 ലക്ഷം രൂപ) യായിരുന്നു.അത് 2019 ഓടെ വെറും 1, 20,000 ( 1.2 ലക്ഷം രൂപ) യായി കുറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനത്തിലെ ദുരൂഹതകള്‍ താഴെ പറയുന്നവയാണ്:

കമ്പനിയുടെ ലാഭം വെറും 4 വര്‍ഷം കൊണ്ട് 25.70 ലക്ഷം രൂപയില്‍ നിന്ന് 1.11 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.

കമ്പനി ഉടമയായ വീണ കമ്പനിക്ക് നല്‍കിയ വായ്പ 2015ല്‍ 14.56 ലക്ഷം രൂപയായിരുന്നത്, 2019 ല്‍ 44.46 ലക്ഷം രൂപയായി കുത്തനെ ഉയര്‍ന്നു.

കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് നല്‍കിയ വായ്പ 2016ല്‍ 33.87 ലക്ഷം രൂപയായിരുന്നത്, 2019 ഓടെ 43.11 ലക്ഷം രൂപയായി ഉയര്‍ന്നു.

എംപവര്‍ ഇന്ത്യാ ക്യാപ്പിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് സ് എന്ന കമ്പനി 2016ല്‍ 25 ലക്ഷം രൂപ വായ്പയായി നല്‍കിയപ്പോള്‍, 2017ല്‍ അത് 34.35 ലക്ഷമായി ഉയര്‍ന്നു.2018ല്‍ ലാഭമുണ്ടായതിനെ തുടര്‍ന്ന് ഈ കമ്പനിയുടെ വായ്പയില്‍ ഒരു ഭാഗം തിരിച്ചടച്ചു.

എല്ലാ വര്‍ഷവും കുത്തനെ കുറയുന്ന വാടക ചിലവ്. 2016ല്‍ വാടക ചിലവ് (ബാംഗ്ലൂരില്‍ )11.12 ലക്ഷം രൂപയായിരുന്നു.അത് 2019 ഓടെ വെറും 1.20 ലക്ഷം രൂപയായി കുത്തനെ കുറഞ്ഞു.

ശമ്പള ചിലവ് 2016ല്‍ 50.35 ലക്ഷം രൂപയായിരുന്നു. അത് 2019 ഓടെ 67.98 ലക്ഷം രൂപയായി ഉയര്‍ന്നു.

മേല്പറഞ്ഞ ദുരൂഹതകളില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്:

a ) കമ്പനിയുടെ വരുമാനം 4 വര്‍ഷം കൊണ്ട് മൂന്നിരട്ടിയിലധികം ഉയര്‍ന്നതായി കാണുന്നു.ഇതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെ? ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വരുമാനം ലഭിച്ചത്? എന്തൊക്കെ പ്രവര്‍ത്തികളാണ് ഈ കമ്പനികള്‍ക്ക് ചെയ്തു കൊടുത്തത്? ഇക്കാര്യങ്ങള്‍ രേഖകള്‍ സഹിതം വിശദീകരിക്കേണ്ടതല്ലേ?

b) കമ്പനി ഉടമയായ വീണ, കമ്പനിക്ക് നല്‍കിയ വായ്പ 2015ല്‍ 14.56ലക്ഷം രൂപയായിരുന്നത് 2019 ഓടെ 44.46 ലക്ഷം രൂപയായി ഉയര്‍ന്നു. ഈ പണത്തിന്റെ സ്രോതസ്സ് എന്താണ്?

c) ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച വായ്പ 2019 ല്‍ 43.11 ലക്ഷം രൂപയായി ഉയര്‍ന്നു. എന്തടിസ്ഥാനത്തിലാണ് നഷ്ടത്തിലോടുന്ന ഒരു കമ്പനിക്ക് ബാങ്ക് ഇത്ര വലിയ തുക വായ്പ നല്‍കിയത്? വായ്പ കരാര്‍ പ്രകാരം Book debt ആണ് സെക്യുരിറ്റി എന്നോര്‍ക്കണം.

d) Empower India Capital Investments എന്ന എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, കരിമണല്‍ കച്ചവടത്തില്‍ വ്യാപൃതനായിരിക്കുന്ന ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണോ വീണയുടെ കമ്പനിക്ക് 2016ല്‍ 25 ലക്ഷം രൂപയും 2017ല്‍ 39.35 ലക്ഷം രൂപയും വായ്പ നല്‍കിയത്?

e) ബാംഗ്ലൂര്‍ പോലൊരു വന്‍കിട നഗരത്തില്‍ 2016ല്‍ 11.12 ലക്ഷം രൂപയായിരുന്ന വാടക ചിലവ് എങ്ങനെയാണ് 2019ല്‍ വെറും 1.20 ലക്ഷം മാത്രമായി കുത്തനെ കുറഞ്ഞത്?

f) ശമ്പള ചിലവില്‍ എങ്ങനെയാണ് കുത്തനെ ഉയര്‍ച്ചയുണ്ടായത്?

ഇത്രയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനാണ്. അത് ചെയ്യാതെ, ഒളിച്ചോട്ടം തുടര്‍ന്നാല്‍ മടിയില്‍ കനമുണ്ട് എന്ന് തന്നെ ജനം വിശ്വസിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here