ബി.ജെ.പിയുമായി ഉണ്ടാക്കിയ സഖ്യം ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്ക് കരിനിഴല്‍ വീഴ്ത്തും

0

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ പി.സി. ജോര്‍ജിന്റെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൂഞ്ഞാറിലെ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തുകൊണ്ട് കെ.എം. ഷാജഹാന്‍ പറയുന്നത് സഖ്യം ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്ക് കരി നിഴല്‍ വീഴ്ത്തുമെന്നാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബി ജെ പിയുമായി സഖ്യമുണ്ടാക്കിയ പിസി ജോര്‍ജ്ജിന്റെ തീരുമാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയാകുമോ?
ഈ തീരുമാനം ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് 2019ലെ വോട്ടിന്റെ കണക്കുകള്‍ പകല്‍ പോലെ വ്യക്തമാക്കുന്നു.
ഇടത് വലത് മുന്നണികള്‍ക്കിടയില്‍ ധ്രുവീകരിച്ച് നില്‍ക്കുന്ന കേരള രാഷ്ട്രീയത്തില്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് മുന്നണികളേയും തകര്‍ത്ത് 2016ല്‍ വിജയിച്ചു വന്ന പി സി ജോര്‍ജ്ജ് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. രണ്ട് മുന്നണികളേയും പരാജയപ്പെടുത്തിയ ജോര്‍ജ്ജ് 27,821 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് പൂഞ്ഞാര്‍ നിന്ന് ജയിച്ച് കയറിയത്.ആ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എല്‍ ഡി എഫായിരുന്നു. എല്‍ ഡി എഫിന് ലഭിച്ച മൊത്തം വോട്ടായ 22,270നേക്കാള്‍ ഉയര്‍ന്നതായിരുന്നു ജോര്‍ജ്ജിന് 2016ല്‍ ലഭിച്ച ഭൂരിപക്ഷം.ജോര്‍ജ്ജിന് ആ തെരഞ്ഞെടുപ്പില്‍ 63,621 വോട്ട് ലഭിച്ചു. യു ഡി എഫിന് 35,800വോട്ടുകളും ലഭിച്ചു. ബിജെപിക്ക് 19,960 വോട്ടാണ് 2016ല്‍ ലഭിച്ചത്.
ഈ കണക്കിന്റെ ബലത്തിലാണ് ജോര്‍ജ്ജ് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കിയത്.ഈ കണക്ക് പ്രകാരം, പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജ്ജിനും ബിജെപിക്കും കൂടി 83,587 വോട്ടുണ്ടായിരുന്നു. എല്‍ ഡി എഫ് യു ഡി എഫ് വോട്ടുകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ പോലും 68,070 വോട്ടുകള്‍ മാത്രമായിരുന്നു.
എന്നാല്‍ രാഷ്ട്രീയത്തില്‍ 1+1= 2 അല്ലല്ലോ. മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കുന്നതില്‍ ജോര്‍ജ്ജ് ദയനീയമായി പരാജയപ്പെട്ടു.
ഫലമോ? ജോര്‍ജ്ജിന് പൂഞ്ഞാര്‍ മണ്ഡലത്തിലുണ്ടായത് വമ്പന്‍ തിരിച്ചടി. 2016ലെ കണക്കനുസരിച്ച് ജോര്‍ജ്ജിനും ബിജെപിക്കും ചേര്‍ന്ന്, പൂഞ്ഞാര്‍ മണ്ഡലത്തില്‍ 2019 ല്‍ 83,587 വോട്ടാണ് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ ജോര്‍ജ്ജ് പിന്തണച്ച ബിജെപിക്ക് ലഭിച്ചത് വോട്ട് എത്രയെന്നോ? വെറും 30,990 വോട്ട്. അതായത് 2016 നെ അപേക്ഷിച്ച് 52,617 വോട്ടിന്റെ കുറവ്!
മറുഭാഗത്ത് കോണ്‍ഗ്രസിന് ലഭിച്ച വോട്ടില്‍ 2016 നെ അപേക്ഷിച്ച് കാല്‍ ലക്ഷം വോട്ടിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. യു ഡി എഫിന്റെ വോട്ട് 35,800 ല്‍ നിന്ന് 61,530 ആയി ഉയര്‍ന്നു. എല്‍ ഡി എഫിന്റെ വോട്ടിലും 21,331 ന്റെ വര്‍ദ്ധനയുണ്ടായി.
2016ല്‍ ജോര്‍ജ്ജിന് ലഭിച്ചത് 43.6% വോട്ടായിരുന്നു. ബിജെപിക്ക് 13.7% വോട്ടും ലഭിച്ചു. ഈ കണക്കനുസരിച്ച് 2019ല്‍ അദ്ദേഹം പിന്തുണച്ച ബിജെപിക്ക് 57.3% വോട്ട് ലഭിക്കേണ്ടതായിരുന്നു.എന്നാല്‍ ലഭിച്ചതോ? വെറും 22.4% വോട്ട് മാത്രം! അതായത് 24.9% ന്റെ കുറവ് !
പതിറ്റാണ്ടുകളായി ജോര്‍ജ്ജിന് പിന്നില്‍ പാറപോലെ ഉറച്ച് നിന്ന കൃസ്ത്യന്‍മുസ്ലീം മത സമൂഹങ്ങള്‍, 2019ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കാനുള്ള ജോര്‍ജ്ജിന്റെ നിലപാടിനെ പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞു എന്നാണ്, അദ്ദേഹവും കൂടി പിന്തുണച്ച ബിജെപിക്ക് ലഭിച്ച വോട്ടിലെ വമ്പന്‍ ചോര്‍ച്ച വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ ഹിന്ദു വിഭാഗത്തിന്റെ നിലപാടിന് നല്‍കിയ സമ്പൂര്‍ണ്ണ പിന്തുണ മുതലാക്കി, മണ്ഡലത്തിലെ ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കുന്നതോടെ, ബിജെപിക്ക് പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്റെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ജോര്‍ജ്ജിന്റെ ധാരണ അപ്പാടെ അസ്ഥാനത്തായെന്ന്, വോട്ടിന്റെ കണക്കുകള്‍ പകല്‍ പോലെ തെളിയിക്കുന്നു.
മുസ്ലീം കൃസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ ബഹു ഭുരിപക്ഷവും യു ഡി എഫിന്റെ പിറകില്‍ അണിനിരന്നപ്പോള്‍, ചെറിയൊരു വിഭാഗം എല്‍ ഡി എഫിനോടൊപ്പവും അണിനിരന്നു. ഈ വിഭാഗങ്ങള്‍ ഒന്നാകെ ജോര്‍ജ്ജ് ബി ജെ പി സഖ്യത്തെ കൈയ്യൊഴിഞ്ഞു.ഹിന്ദു വോട്ടുകളാകട്ടെ, യു ഡി എഫിലും ബി ജെ പിയിലുമായി ചിതറിപ്പോവുകയും ചെയ്തു.
ഫലമോ? ജോര്‍ജ്ജിന്റെ കക്ഷത്തിലുള്ളത് പോവുകയും ചെയ്തു, ഉത്തരത്തിലുള്ളത് ആകട്ടെ ലഭിച്ചതുമില്ല!
ഇതിനിടെ, അദ്ദേഹത്തിന് പതിറ്റാണ്ടുകളായി അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്ന, മണ്ഡലത്തിലെ മുസ്ലീം സമുദായത്തിനെ അദ്ദേഹം വെറുപ്പിക്കുകയും ചെയ്തു.
ഇതാണ് സാഹചര്യമെങ്കില്‍, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പി സി ജോര്‍ജ്ജിന്റെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടര്‍ ലൂ ആകാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here