സി.ആര്‍. രാധാകൃഷ്ണന്‍


സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമോ ?

സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ നിലവാരവും സമസ്ത തൊഴില്‍ മേഖലകളിലും വിന്യസിക്കപ്പെടുകയും ചെയ്തതോടെയാണ് ശബരിമല സ്ത്രീ പ്രവേശനം സജീവ ചര്‍ച്ചയാകുന്നത്.

ശബരിമല ദര്‍ശനമല്ല, തീര്‍ത്ഥാടനമാണ്. അറുപതു വര്‍ഷം മുമ്പ് ശബരിമല തീര്‍ത്ഥാടനം നടത്തിയിട്ടുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആഴ്ചകള്‍ നീളുന്ന കഠിന വ്രതം, ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ കെട്ടുനിറച്ച്, നാലോ അഞ്ചോ ആറോ മാസത്തേക്കുള്ള ആഹാരസാധനങ്ങളുമായി കാല്‍നടയായിരുന്നു അന്ന്. സുരക്ഷിതരായി എല്ലാവരും തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്ര. അത്തരത്തില്‍ തുടങ്ങി ശക്തിയാര്‍ജിച്ച തീര്‍ത്ഥാടനമായതിനാലാണ് സ്ത്രീകള്‍ ഉള്‍പ്പെടാതിരുന്നത്. പൊതുവേ ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങള്‍ പൂജകളില്‍ നിന്നുപോലും സ്ത്രീകളെ വിലക്കിയിരുന്നില്ല. മണ്ണാറശാലയിലടക്കം സ്ത്രീകള്‍ പൂജ ചെയ്യുന്നു. വിശാലമായ കാഴ്ചപാടാണ് മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉണ്ടായിരുന്നത്. ഇപ്പോഴും ഉള്ളത്. മറിച്ച് യാത്രയുടെയും തീര്‍ത്ഥാടനത്തിന്റെയും ദുര്‍ഘടമായ വ്യവസ്ഥകള്‍ തന്നെയാണ് വിലങ്ങുതടി.

ഏകദേശം 35 വര്‍ഷത്തോളം മുമ്പ്, 1980-82 കാലഘട്ടത്തില്‍ തീര്‍ത്ഥാടകാല തിരിക്ക് ഒഴിച്ചാല്‍ ഭക്തരുടെ തിരിക്ക് നന്നേ കുറവായിരുന്നു. മണ്ഡലം, മകരവിളക്ക് കാലം ഒഴിവാക്കി സ്ത്രീകള്‍ സന്നിധാനത്ത് എത്തിയിരുന്നു. കുട്ടികള്‍ക്ക് ചോറുനല്‍കല്‍ അടക്കമുള്ളവയില്‍ പങ്കെടുത്തിരുന്നു. ഇത് വര്‍ദ്ധിക്കുകയും വിവാദമാവുകയുമായിരുന്ന കാലഘട്ടത്തില്‍ ജസ്റ്റിസ് പരിപൂര്‍ണന്‍ ഹൈകോടതി ജഡ്ജിയായിരിക്കെ, പണ്ഡിതന്‍മാരെയും തന്ത്രിമുഖ്യരെയും പ്രമുഖരെയും വിളിച്ചു വരുത്തി, ചര്‍ച്ച നടത്തി, എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ നിയന്ത്രണം.

ഒമ്പതിനും അമ്പതിനും ഇടയിലുള്ളവരുടെ ഇരുമുടി കെട്ടോടെയുള്ള ദര്‍ശനമാണ് വിലക്കിയത്. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പമ്പയില്‍ വിമണ്‍ പ്രൊഹിബിഷന്‍ സെന്ററുകള്‍ തുടങ്ങി. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അവകാശങ്ങളെക്കുറിച്ച് വിലയിരുത്തേണ്ടത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പരിസ്ഥിതി വകുപ്പിന്റെയും കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന വനത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നോര്‍ക്കണം. പ്രത്യേകിച്ചും കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍. അനുവദിക്കപ്പെട്ട ഇരുപത്തഞ്ചോളം ഏക്കറിനുള്ളിലാണ് എല്ലാ സംവിധാനം. ഇതു തീര്‍ത്തും അപര്യാപ്തമാണ്. പരിമിതമായ ഈ സാഹചര്യത്തിലേക്കാണ് ദിനം പ്രതി 25,000 മുതല്‍ ഒരു ലക്ഷം വരെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുന്നത്. അവിടെയുള്ള അസൗകര്യങ്ങള്‍, സ്ഥല പരിമിതികള്‍ എല്ലാം പരിഗണിച്ചു മാത്രമേ ഫലപ്രദമാകുന്ന രീതിയില്‍
പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ.

ശബരിമല തീര്‍ത്ഥാടനം എന്നത് ഇന്ന് ഇതര ഹൈന്ദവ ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമാണ്. മറ്റു ക്ഷേത്രങ്ങളില്‍ ക്ഷേത്ര വിശ്വാസികളായ ഭക്തരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ ശബരിമലയില്‍ ഏതു മതത്തില്‍ പെട്ടവര്‍ക്കും വിശ്വാസ പ്രമാണങ്ങളിലുള്ളവര്‍ക്കും യാതൊരു വേര്‍തിരിവും വിവേചനവുമില്ലാതെ തീര്‍ത്ഥാടനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. അത് തത്വമസിയെന്ന നമ്മുടെ പരമോന്നത ദര്‍ശനത്തെ ആധാരമാക്കിയും ഉള്ളതാണ്.

ഭക്തജനങ്ങളാകട്ടെ, വ്രതകാലം മുതല്‍ തന്നെ വസ്ത്രവിധാനം, ഭ ക്ഷണക്രമം, ശരീര ശുദ്ധി തുടങ്ങിയവയില്‍ ഒക്കെതന്നെ പരിവര്‍ത്തനം വരുത്തുകയാണ്. ഉന്നതനെന്നോ അധമനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ നിസ്വനെന്നോ ഉള്ള വിചാരങ്ങള്‍ വ്രതകാലത്തു തന്നെ തീര്‍ത്ഥാടനത്തിന് തയാറാകുന്ന ഭക്തരില്‍ ഇല്ലാതാവുകയാണ്.

അവര്‍ പലരും മേല്‍വസ്ത്രങ്ങള്‍ പോലുമില്ലാതെ, ശരീര സൗന്ദര്യത്തില്‍ ഒട്ടും ശ്രദ്ധയില്ലാതെ, വസ്ത്ര ഭംഗികളില്ലാതെ എല്ലാം മറന്നാണ് തീര്‍ത്ഥാനത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടാണ് തിരക്കുള്ള വാഹനങ്ങളിലും നീണ്ട ക്യൂവിലും അയ്യാപ്പ ദര്‍ശനത്തിനുള്ള തിരക്കിലും നെയ്യഭിഷേകം, പ്രസാദം വാങ്ങല്‍ തുടങ്ങിയ തിരക്കിലും ഒക്കെ ആത്മസംയമനം പുലര്‍ത്തുന്നത്.

പോലീസും ദേവസ്വം ബോര്‍ഡും പൂജാവേളയില്‍ അടക്കം ഏര്‍പ്പെടുത്തുന്ന കഠിനമായ നിയന്ത്രണങ്ങള്‍ അയ്യപ്പന്‍മാര്‍ പൂര്‍ണ മനസോടെ സഹകരിക്കുകയാണ്. ഇത് തീര്‍ത്ഥാടകരുടെ അഹംബോധം നഷ്ടപ്പെട്ടതുകൊണ്ടു തന്നെയാണ്. ഇങ്ങനെ നടത്തുന്ന തീര്‍ത്ഥാടന രംഗത്തേക്ക് സുന്ദരികളായ യൗവന യുക്തകളായ സ്ത്രീകള്‍ കൂടി ഇടകലര്‍ന്നു വന്നാല്‍, ഇപ്പോള്‍ ഉണ്ടാകുന്ന ഈ അഹംബോധമില്ലായ്മ പൂര്‍ണമായും ഇല്ലാതാകും. തീര്‍ത്ഥാടനത്തിന്റെ ഏകാഗ്രതയും ഒക്കെതന്നെ നഷ്ടമാകും. ഒരു ജൈവ വികാരം പോലെ സ്ത്രീക്ക് പുരഷനെ കാണുമ്പോഴും പുരുഷനു സ്ത്രീയെ കാണുമ്പോഴും ഉണ്ടാകുന്ന കരുതല്‍ പോലും ഒരു ശുദ്ധ തീര്‍ത്ഥാടനത്തിനു ഭംഗം വരുത്തുന്നതാണ്. ഇതിനെല്ലാം ഉപരി ശബരിമലയിലെ മണ്ഡലം മകര വിളക്കു കാലത്ത് അനുഭവമുള്ള ഒരു പുരുഷനും ആ സാഹചര്യത്തില്‍ ഒരു സ്ത്രീ ഭക്തയ്ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഏകാഗ്രമായ ദര്‍ശനം ഉണ്ടാകുമെന്ന് പറയാനാകില്ല.

അതിനും കാരണം ഉണ്ട്. നമ്മുടെ ശരീര ശാസ്ത്രമനുസരിച്ച് ഒരു പുരുഷന്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതു പോലെ സ്ത്രീക്ക് ആ സാഹചര്യത്തില്‍ ആകുമോ ? നല്ല തിരക്കുള്ള ഒരു ദിവസം ഉയര്‍ന്ന ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോക്കുന്ന ഒരാള്‍ക്ക് ആയിരകണക്കിന് ഭക്തന്‍മാര്‍ ശബരിമലയിലും പരിസരത്തും കെട്ടിട വരാന്തയിലും വൃക്ഷ ചുവട്ടിലും വിരി വച്ച്, യാത്രാക്ഷീണം കൊണ്ടുമാകാം വീണുറങ്ങുന്നത് കാണാന്‍ കഴിയും. ആ സാഹചര്യത്തില്‍ ഏതെങ്കിലും യൗവനയുക്തയായ സ്ത്രീക്ക് അവിടെ ഉറങ്ങാന്‍ കഴിയുമോ ? അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. 25,000 മുതല്‍ ഒരു ലക്ഷം പേര്‍വരെ തീര്‍ത്ഥാടകര്‍ പ്രതിദിനം എത്തുന്ന ശബരിമല തീര്‍ത്ഥാടന കാലത്ത് രണ്ടായിരത്തില്‍ അധികം പേര്‍ക്ക് ആവശ്യമായ മുറികള്‍ മുതലുള്ള മറ്റു അവശ്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ സാധിക്കുമോ ?

മുമ്പ്, 41 ദിവസത്തെ വ്രതമെടുത്ത് ആണ് ദര്‍ശനം നടത്തിയിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയുള്ള വ്രതശുദ്ധിയൊന്നും ഇല്ലെന്നതാണ് സത്യം. അതുകൊണ്ട് സ്ത്രീ ദര്‍ശനത്തെ അതിന്റെ പേരിലോ ആചാരത്തിന്റെ പേരിലോ തടഞ്ഞു വയ്ക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളൂ. എന്നാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന മാസമുറയും മറ്റും നമ്മുടെ വൈദ്യ ശാസ്ത്രത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പ്രതിബന്ധം തന്നെയാണ്. ആ കാലത്ത് നാട്ടിലുള്ള ക്ഷേത്രങ്ങളില്‍ പോലും ദര്‍ശനം നടത്താന്‍ ഒരു ഭക്തയായ സ്ത്രീയും തയാറാകില്ല. അവരുടെ മനോ നില ഈശ്വരാരാധനയ്ക്ക് യോജിച്ചതും ആയിരിക്കില്ല. എന്നാല്‍, ഇതെല്ലാം ഉന്നയിച്ചുകൊണ്ട് സ്ത്രീകളെ ഈ ലിംഗസമത്വത്തിന്റെ കാലഘട്ടത്തില്‍ ശാശ്വതമായി വിലക്കുന്നതിലും അര്‍ത്ഥമില്ല.

ഈ പശ്ചാത്തലത്തില്‍ ഒരു കര്‍ശനമായ നിയന്ത്രണം ഒഴുവാക്കുന്നതാണ് ഉചിതം. മാറിയ കാലഘട്ടവും പരിതസ്ഥിതിയും പരിഗണിക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങളെ പ്രതിരോധിക്കാനുളള്ള പ്രവണത ശക്തമാകും. അത് ഒഴിവാക്കിക്കൊണ്ട് താരതമ്യേന ഭക്തജന തിരക്ക് കുറഞ്ഞ മണ്ഡല മകര വിളക്ക് തീര്‍ത്ഥാനകാലം കഴിഞ്ഞ അവസരങ്ങളില്‍, വിഷു, ഉത്സവം, തിരുവാതിര, നിറുപുത്തിരി, ഓണം സമയങ്ങളില്‍ പുരുഷ തീര്‍ത്ഥാടകരെ നിയന്ത്രിച്ചുകൊണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിച്ച് ദര്‍ശനം നടത്താന്‍ തയാറുള്ള സ്ത്രീ ഭക്തരെ അതിന് അനുവദിക്കുന്നതായിരിക്കും ഉചിതം.

(ശബരിമല ദര്‍ശനത്തെ ഒരു യുദ്ധഭൂമിയാക്കാന്‍ ആര്‍ക്കാണ് താല്‍പര്യം…..)

1 COMMENT

  1. ഈ നിലപാടിനോട് ഞാൻ യോജിക്കുന്നില്ല.. അങ്ങനെ പുരുഷൻമാരുടെ മനസ്സ് വ്യതിചിക്കാൻ സാധ്യത ഉണ്ടെങ്കിൽ 10 ദിവസം സ്ത്രീകൾക്ക് മാത്രമായി മാറ്റി വയ്ക്കണം. അതിനെന്താ തടസ്സം

LEAVE A REPLY

Please enter your comment!
Please enter your name here