തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി.

സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവള്‍ക്ക് സ്‌നേഹവും ബഹുമാനവും വേണം, ശമ്പളവും മാത്രമല്ല’ – എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയിങ്ങനെ- ‘ഒരു വീട്ടമ്മയുടെ ജീവിതം വിലമതിക്കാനാകാത്തതാണെന്ന കങ്കണയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഇത് അതേക്കുറിച്ചല്ല. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതുകൊണ്ടാണ്. എല്ലാ സ്ത്രീകള്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുന്നതിനാണ്. എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ’.

സ്നേഹമില്ലാതെ, ബഹുമാനില്ലാതെ പണം നല്‍കിയാല്‍ മതിയോ എന്നാണ് കങ്കണയുടെ ചോദ്യം. അമ്മമാരെയും ഭാര്യമാരെയും വീട്ടുജോലിക്കാരായി കാണുന്നവര്‍ക്ക് ആവശ്യം മൂല്യബോധമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here