പ്രചാരണെമന്ത് ,സത്യമെന്ത്? ചില വിവരങ്ങൾ അവാസ്തവമാണെന്ന് ടി പാര്‍വതി

0

ജിഷ്ണു കേസ് സംബന്ധിച്ച് പി.ആര്‍.ഡി. വഴി സര്‍ക്കാര്‍ പുറത്തുവിട്ട പരസ്യത്തില്‍ ചില വിവരങ്ങള്‍ അവാസ്തവമാണെന്ന് സാമൂഹിക പ്രവര്‍ത്തക ടി.പാര്‍വതി.

പാര്‍വതിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രചാരണെമന്ത് ,സത്യമെന്ത്? എന്ന പേരിൽ ജിഷ്ണു കേസിനെ സംബന്ധിച്ച് പി.ആർ.ഡി നൽകിയ വിശദീകരണത്തിൽ ചില വിവരങ്ങൾ അവാസ്തവമാണെന്ന് എനിക്ക് നേരിട്ട് ബോദ്ധ്യമുണ്ട്.

1.വടകരയിൽ നിന്ന് 6 പേർ വന്നു എന്ന് പരസ്യത്തിൽ.
14 പേരടങ്ങുന്ന ഒരു സംഘമാണ് വടകരയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത് .

2. ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്ത ഒരു വലിയ സംഘത്തെ ഡി.ജി. പി ഓഫീസിലേക്ക് കയറ്റി വിടണമെന്നാവശ്യപ്പെട്ടു എന്ന് സർക്കാർ ഭാഷ്യം.
അതും തെറ്റാണ്. വടകരയിൽ നിന്ന് വന്നവരെ കയറ്റി വിടണമെന്നാണ് ആവശ്യപ്പെട്ടത്.

3. ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ല, കേസില്ല എന്ന് പറയുന്നത് ശരി എന്നാൽ അമ്മാവൻ ഉൾപ്പെടെ മിക്ക ബസുക്കളെയും പോലീസ് ജീപ്പിൽ കയറ്റി മണിക്കൂറുകൾ കറക്കി. അസഭ്യം പറഞ്ഞ് മനോവീര്യം കെടുത്തി.

4. അമ്മയെ ഉപദ്രവിച്ചില്ല എന്ന് പറയുന്നതിനെക്കാൾ മനപൂർവ്വം ഉപദ്രവിക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാകും നല്ലത്. കാരണം ഉന്തിലും തളളിലും, മഹിജയ്ക്ക് ഒന്നും പറ്റാതെ നോക്കുകയായിരുന്നു ചിലർ. അതിൽ ഒരാൾ മഹിജയുടെ മേലേയ്ക്ക് വീണു. അവരെ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ അടിവയറ്റിൽ ബൂട്ട് കൊണ്ടുള്ള ചവിട്ട് കിട്ടി. ബന്ധുക്കളെ മിക്കവരെയും ഉപദ്രവിച്ചിട്ടുണ്ട്. കേരളം മുഴുവൻ ആ വാർത്ത കണ്ടതിനാൽ വിശദീകരിക്കേണ്ട ആവശ്യവുമില്ല.

ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങൾ. പി.ആർ.ഡി നൽകിയ പരസ്യത്തിനെ സംബന്ധിച്ച് ജിഷ്ണുവിന്റെ വീട്ടുകാരുടെ വിശദീകരണം അറിയാൻ താല്പര്യപ്പെടുന്നു.

ജിഷ്ണുവിന്റെ വീട്ടുകാർ പാർട്ടിക്കാരാണ്. അവരോടൊപ്പം എന്ന് പറയുന്ന സർക്കാർ അവരെ വിശ്വസിക്കാതെ പോലീസ് പറയുന്നത് കേട്ട് ഇതിനു മുമ്പും വിശദീകരണം നൽകിയിരുന്നു.ഡി.ജി.പിയെ കാണാൻ അപ്പോയ്ൻറ്മെന്റ് എടുത്ത് വന്ന തോക്ക് സ്വാമി, ഈ സംഘത്തിൽ ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് അങ്ങനെയല്ല എന്നായി.

ജിഷ്ണുവിന്റെ അമ്മയും കുടുംബവും ദുഃഖത്തിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പുന്നവരാണ്. മകനെ കൊന്നവരെ ശിക്ഷിക്കണം. ഇത് ഒന്ന് മാത്രമാണ് അവർക്ക് വേണ്ടത്. അത് ഇനിയും കേരളത്തിൽ മറ്റൊരു ജിഷ്ണു ഉണ്ടാകാതിരിക്കാൻ കൂടിയാണ്.

പിന്നെ സർക്കാർ ധനസഹായം നൽകി എന്ന് പരസ്യത്തിൽ എഴുതിയത് വായിച്ചപ്പോൾ പുച്ഛം തോന്നി.” ജീവൻ പോയാൽ പണം തരും. അതും വാങ്ങി പൊയ്ക്കോളണം. ബാക്കി ഒക്കെ മുറ പോലെ നടക്കും.സർക്കാർ സംവിധാനത്തെ ചോദ്യം ചെയ്യാനൊരുങ്ങിയാൽ – ‘നിങ്ങൾ, സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്ന തീവ്രവാദികളാകും.. സഹായത്തിനാര് വന്നാലും അവരെ ജയിലിലടയ്ക്കും . രക്ത ബന്ധുക്കൾ മാത്രം ചെയ്യേണ്ടതാണ് സമരം. ഇത് കേരളത്തിൽ ഉണ്ടായി വന്നിട്ടുള്ള പുതിയ സമവായമാണ്.

കേരളം ബംഗാളാവരുത് എന്ന് വിചാരിക്കുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സ് തളരാത്തത്.. ചെങ്കൊടിയും അരിവാൾ ചുറ്റികയും എന്ന ബിംബങ്ങൾ കരുത്ത് പകരുന്നത് കൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here