സാംസ്‌കാരിക നായികമാരും മടിച്ചുനില്ക്കരുത്. ബെര്‍ലിന്‍ മതിലിനു ശേഷം, നമ്മുടെ വനിതാ മതില്‍.

0
14

വനിതാ മതിലിനെയും വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ച് അഡ്വ.എ. ജയശങ്കര്‍ രംഗത്ത്. പ്രളയാന്തര നവനിര്‍മ്മാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നവവത്സര ദിനത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതല്‍ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികള്‍ വിട്ടുനിന്നു. പങ്കെടുത്തവരില്‍ ചിലര്‍ എതിരഭിപ്രായം രേഖപ്പെടുത്തി. എങ്കിലും വനിതാ മതില്‍ എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു.

വീരശ്രീ വെളളാപ്പളളി നടേശന്‍ സംഘാടന കമ്മറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലന്‍സ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാര്‍ട്ടി പത്രമോ ചാനലോ വിദ്യാര്‍ത്ഥി യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകന്‍ എന്ന് അഭിസംബോധന ചെയ്യും.

വനിതാ മതിലിന്റെ മുഴുവന്‍ ചിലവും ഖജനാവില്‍ നിന്നാണ്. പ്രളയാനന്തര നവനിര്‍മാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാം.

നവോത്ഥാനം ഹൈന്ദവരില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്. സാംസ്‌കാരിക നായികമാരും മടിച്ചുനില്ക്കരുത്.

ബെര്‍ലിന്‍ മതിലിനു ശേഷം, നമ്മുടെ വനിതാ മതില്‍.

LEAVE A REPLY

Please enter your comment!
Please enter your name here