മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന് വ്യക്തമാക്കി കൊച്ചിയില്‍ അരങ്ങേറിയ സംഗീത പരിപാടിയുടെ സംഘാടകര്‍ നല്‍കുന്ന വിശദീകരണം പോലും വിവാദമാവുകയാണ്. സംഘാടകരെ ട്രോളി അഡ്വ. ജയശങ്കറും രംഗത്തെത്തിയിട്ടുണ്ട്.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല തികച്ചും സുതാര്യം! സത്യസന്ധം

2019 നവംബര്‍ ഒന്നാം തീയതി കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഞങ്ങള്‍ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.

മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാര്‍ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.

മേല്‍പ്പറഞ്ഞ തുകയില്‍ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടച്ചിട്ടുണ്ട്.

നവംബര്‍ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കില്‍ ഈ പൈസ മുഴുവന്‍ സംഘാടകര്‍ പുട്ടടിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു.

ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സര്‍വ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യന്റെ ദുരിതാശ്വാസ നിധിയില്‍ പണമടയ്ക്കാന്‍ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.

സംഗീത നിശയ്ക്കും സംഘാടകര്‍ക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.

LEAVE A REPLY

Please enter your comment!
Please enter your name here