മാതൃഭൂമിക്ക് സിനിമാപ്പരസ്യമില്ല; സിനിമാക്കാരുടെ സ്റ്റണ്ടിനെതിരേ ജയശങ്കര്‍

0

മാതൃഭൂമി പത്രത്തിനും ചാനലിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പരസ്യം കൊടുക്കില്ലെന്ന സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ‘ജനപ്രിയനൊപ്പം’ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സിനിമാക്കാരുടെ അല്‍പത്തത്തിനെതിരേ ആഞ്ഞടിക്കുന്നത്. മലയാളമനോരമയെയും നടന്‍ ദിലീപിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാതൃഭൂമി പത്രത്തിനും ചാനലിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പരസ്യം കൊടുക്കില്ലെന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. മാതൃഭൂമി ഗ്രൂപ്പുമായി ഒരു തരത്തിലും സഹകരിക്കരുതെന്നും ലേഖകരെ അടുപ്പിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്.

ഔപചാരിക തീരുമാനം ഇപ്പോഴേ ഉണ്ടായിട്ടുളളൂ എങ്കിലും, മാതൃഭൂമിയില്‍ സിനിമാ പരസ്യം ഇല്ലാതായിട്ട് കൊല്ലം ഒന്നായി.

മാതൃഭൂമി പത്രം ശനിയാഴ്ച തോറും പുതിയ പടങ്ങളുടെ നിരൂപണം പ്രസിദ്ധീകരിക്കുന്നു, അതു വായിച്ചവരാരും പിന്നെ സിനിമയ്ക്ക് കയറുകയില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പുറമേക്കു പറയുന്ന കാരണം. സമീപകാലത്ത് മാതൃഭൂമി ചാനലിലും ഇതുപോലെ ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്.

സിനിമാ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നമ്മുടെ ജനപ്രിയ നായകന്റെ പേര് ആദ്യം വിളിച്ചു പറഞ്ഞത് മാതൃഭൂമി ന്യൂസ് ചാനല്‍ ആയിരുന്നു. അവിടെയാണ് ഉടക്കിന്റെ തുടക്കം. ജനപ്രിയന്‍ മനോരമയില്‍ ചെന്ന് മാതൃഭൂമിയിലെ വേണുവിനെ പറ്റി പളളു പറഞ്ഞു. അച്ചായന്‍ അത് വളളിപുളളി വ്യത്യാസം വരുത്താതെ ജനങ്ങളിലെത്തിച്ചു. വാമൊഴി വഴക്കം കേട്ട് ആരാധകര്‍ കയ്യടിച്ചു.

പക്ഷേ, അധികം വൈകാതെ ജനപ്രിയന്‍ അകത്തായി. 85ദിവസം ACപോലും ഇല്ലാതെ ആലുവ സബ് ജയിലില്‍ ഉണ്ട തിന്നു കിടന്നു. മാതൃഭൂമി അര്‍മാദിച്ചു; മനോരമ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

അച്ചായന്റെയും ആരാധകരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. മൂന്നു തവണ തളളിയ ഹൈക്കോടതി നാലാം തവണ ജാമ്യം അനുവദിച്ചു. അതിനൊപ്പം രാമലീല വന്‍വിജയമായി. അസൂയാലുക്കള്‍ നാണിച്ചു, ആരാധകര്‍ ആര്‍ത്തുല്ലസിച്ചു.

കാര്യം മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടെങ്കിലും മലയാള സിനിമയുടെ കൈകാര്യ കര്‍ത്താവ് ജനപ്രിയ നായകനാണ്. അദ്ദേഹത്തിന്റെ ഹിതത്തിനെതിരെ ഒരില പോലും അനങ്ങില്ല.

ജനപ്രിയന്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ മാതൃഭൂമിയില്‍ സിനിമാ പരസ്യം ഇല്ലാതായി. പുറത്തിറങ്ങിയതോടെ ലേഖകരെ ഷൂട്ടിങ് ലൊക്കേഷനില്‍ കയറ്റാതായി. ഇനി മാതൃഭൂമി പത്രവും ചാനലും പൂട്ടിക്കും. പ്രസ്സും സ്റ്റുഡിയോയും നില്ക്കുന്ന സ്ഥലം ലേലത്തില്‍ പിടിച്ച് അവിടെ കുളം കുഴിക്കും.

# ജനപ്രിയനായകനൊപ്പം


Loading...

LEAVE A REPLY

Please enter your comment!
Please enter your name here