ദാസ്യവൃത്തി ജുഡീഷ്യറിയിലുമുണ്ടെന്ന് ജയശങ്കര്‍

0

സ്വന്തംപാളയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരേയും നാവനക്കാന്‍ മടികാട്ടാത്തയാളാണ് അഡ്വ.ജയശങ്കര്‍. ജുഡീഷ്യറിയിലെ ദാസ്യവൃത്തിയെപ്പറ്റി ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ജയശങ്കര്‍ ന്യായാധിപന്മാരുടെ അന്യായത്തെ കടന്നാക്രമിക്കുന്നത്. പേരുവെളിപ്പെടുത്താത്ത വാര്‍ത്തയിലെ ന്യായാധിപന്‍ ആരെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ദാസ്യവൃത്തി പോലീസില്‍ മാത്രമല്ല ജുഡീഷ്യറിയിലും ഉണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

തലശ്ശേരിയില്‍ ഒരു ജഡ്ജി കീഴ്ജീവനക്കാരെക്കൊണ്ട് വീട്ടിലേക്കു അരിയും പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിപ്പിക്കുന്നു, പരുഷമായി പെരുമാറുന്നു, ലീവ് അനുവദിക്കുന്നില്ല എന്നൊക്കെയാണ് പരാതി. (ജഡ്ജി സസ്യഭുക്കായതു കൊണ്ടാണ് വീട്ടിലേക്ക് മീനും ഇറച്ചിയും വാങ്ങിപ്പിക്കാത്തത്)

ഈ ന്യായാധിപ പുംഗവന്റെ പേരോ ഔദ്യോഗിക വിലാസമോ വെളിപ്പെടുത്താന്‍ ദേശാഭിമാനി തയ്യാറല്ല. എങ്കിലും, മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ ആര്‍ ടി പ്രകാശിനെയാണ് ഉന്നംവെച്ചിട്ടുളളത് എന്ന് വ്യക്തം.

സര്‍വീസില്‍ കയറിയ കാലം മുതല്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റം ഇതേ രീതിയിലായിരുന്നെന്ന് അനുഭവസ്ഥര്‍ പറയുന്നു. തലശ്ശേരിയില്‍ മജിസ്‌ട്രേറ്റായി ചുമതലയേറ്റപ്പോള്‍, പട്ടികജാതിക്കാരിയായ മുന്‍ഗാമി ഉപയോഗിച്ച ചേംബറും ക്വാര്‍ട്ടേഴ്‌സും തേച്ചു കഴുകിച്ചു ശുദ്ധമാക്കി; ആ ജോലിയുടെ കാഠിന്യം നിമിത്തം തൂപ്പുകാരി അരിയെത്താതെ മരിച്ചു എന്നൊക്കെയുണ്ട് പുരാവൃത്തം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. പാലക്കാട്ട് ഒരു വനിതാ ജഡ്ജി പൂര്‍ണ സസ്യാഹാരിയായ കീഴ്ജീവനക്കാരിയെ മീന്‍ മുറിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു പരാതി.

ചാവക്കാട് മുന്‍സിഫ്, കോടതി ജീവനക്കാരെ ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്ന ബന്ധുമിത്രാദികള്‍ക്ക് അകമ്പടിയ്ക്കു നിയോഗിക്കുന്നു എന്നൊരു വാര്‍ത്ത മുമ്പ് ഒരു സായാഹ്ന പത്രത്തില്‍ വന്നു. അതേ തുടര്‍ന്ന് ആ പത്രത്തിന് മേലില്‍ കോടതി പരസ്യം നല്‍കരുതെന്ന് തൃശൂര്‍ ജില്ലയിലെ ന്യായാധിപര്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു.

നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും ഫ്യൂഡലിസം കൊടികുത്തി വാഴുകയാണ്. കാതുളളവര്‍ കേള്‍ക്കട്ടെ.”

LEAVE A REPLY

Please enter your comment!
Please enter your name here