വി.ടി. ബല്‍റാമല്ലെടാ… നീ ഇന്‍സ്‌പെക്ടര്‍ ബല്‍റാം

0

മെഡിക്കല്‍ കോഴനിയമനങ്ങള്‍ സാധുവാക്കാനുള്ള ഭരണപക്ഷ പ്രതിപക്ഷ ഐക്യത്തിനിട്ട് ചൊറിഞ്ഞ വി.ടി. ബല്‍റാമിനെ തള്ളിപ്പറയുന്നതില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തുവരുകയാണ്. ഏറ്റവുമൊടുവില്‍ യുവ എം.എല്‍.എയായ ശബരീനാഥനും ബല്‍റാമിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഈ നിലപാടിനെ കളിയാക്കി അഡ്വ. ജയശങ്കറും രംഗത്തുവന്നു. വി.ടി. ബല്‍റാമിനെ ഇന്‍പെക്ടര്‍ ബല്‍റാമെന്ന മമ്മൂട്ടി കഥാപാത്രത്തോടാണ് അദ്ദേഹം ഉപമിച്ചത്.

ഫെയ്‌സ്ബുക്കപോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ല വിടി ബല്‍റാം.

മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ ബല്‍റാം. കരുണാ സഹായ ബില്ലിന്റെ ചര്‍ച്ച കണ്ട എസ്എഫ്‌ഐ സഖാക്കള്‍ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രശ്‌നം.

ഉമ്മനും ചെന്നിയും ഹസന്‍ജിയും മുതല്‍ ശബരീനാഥനും റോജി എം ജോണും വരെ ബല്‍റാമിന്റെ കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്: ബല്‍റാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല!

ബല്‍റാം പിന്നെ എന്തു ചെയ്യണമായിരുന്നു? അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നു പറയണമായിരുന്നു. കരുണാ സഹായ ബില്ലിലെ അധാര്‍മികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാര്‍ ഹാജിയോടു വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും ചെയ്‌തേനെ. തൃത്താല എംഎല്‍എയുടെ അപക്വത മൂലം പാര്‍ട്ടിക്കും മുന്നണിക്കും ആ സുവര്‍ണാവസരം നഷ്ടമായി.

ഇത് കടുത്ത അച്ചടക്ക ലംഘനമാണ്, പെരുമാറ്റ ദൂഷ്യമാണ്. മഹത്തായ കോണ്‍ഗ്രസ് സംസ്‌കാരത്തിനു നിരക്കാത്ത നടപടിയാണ്.കോണ്‍ഗ്രസിനെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല.”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here