ജയരാജനെ പൂജിക്കരുത് പ്ലീസ്…..

0
3

കണ്ണൂര്‍ ജില്ലാസമ്മേളനസമാപനത്തിന് പിണറായി വിജയനേക്കാള്‍ കൈയടിനേടിയ പി.ജയരാജനെ പുകഴ്ത്തി നവമാധ്യമങ്ങളില്‍ പ്രചരണം ഏറിയയോടെ പാര്‍ട്ടിയാണ് വലുതെന്ന് ഓര്‍മ്മപ്പെടുത്തി പി.ജയരാജന്‍. കണ്ണൂര്‍ ജില്ലാസമ്മേളനം വിജയമാക്കിയതിന് നന്ദിരേഖപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ വ്യക്തിപൂജ വേണ്ടെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയത്. പാര്‍ട്ടി മുകളില്‍ സ്വയം വളരാന്‍ ശ്രമിക്കുന്നെന്ന് സി.പി.എം. സംസ്ഥാന റിപ്പോര്‍ട്ടുചെയ്തിരുന്നു.

ജയരാജന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഐ(എം) ന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം വിജയകരമായി പര്യവസാനിച്ചു.
പാര്‍ട്ടിയുടെ സമുന്നതനായ നേതാക്കളായ സഖാക്കള്‍ പിണറായിയും കോടിയേരിയും ഉല്‍പ്പടെയുള്ളവര്‍ മൂന്ന് ദിവസവും പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും ഉടനീളം പങ്കെടുത്തു.സമാപനം കുറിച്ച് നടന്നിട്ടുള്ള പൊതുസമ്മേളനത്തില്‍ ചെമ്പടയുടെ ഇരമ്പിക്കയറ്റമാണ് ഉണ്ടായത്.കൂടാതെ ആബാലവൃദ്ധം ജനങ്ങളും സമ്മേളനത്തില്‍ പങ്കാളികളായി. ഇത്തരമൊരു വിജയമുണ്ടായത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിച്ച പങ്കും പ്രധാനമാണ്.അവരുള്‍പ്പടെ സമ്മേളന വിജയത്തിന്റെ സഹായസഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി.

പുതിയ ജില്ലാ കമ്മറ്റിയിലേക്കും തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേ
ക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഐക്യകണ്ഠനെ ആയിരുന്നു.തികച്ചും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉണ്ടായത്.മറ്റ് പാര്‍ട്ടികളില്‍ കാണാത്ത ഒരു പ്രത്യേക കൂടിയാണിത്.
ഇത്തരമൊരു പരിശോധനാ രീതിയുടെ ഫലമായി പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളും പോരായ്മകളും കണ്ടെത്താനായി.

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി രാജ്യത്തെ തന്നെ വിപുലവും കരുത്തുറ്റതുമായ ഒരു ജില്ലാ ഘടകമാണ്.അതുകൊണ്ടു തന്നെ ശത്രുവര്‍ഗ്ഗത്തിന്റെ കടുത്ത കടന്നാക്രമണങ്ങളാണ് ജില്ലയിലെ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും പാര്‍ട്ടിക്ക് മുന്നേറാനായി എന്നാണു സമ്മേളനം വിലയിരുത്തിയത്.ഈ മുന്നേറ്റം പാര്‍ട്ടിയുടെയാകെ കൂട്ടായ്മയുടെ ഫലമായി ഉണ്ടായതാണ്.എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ ഇത് ജില്ലാ സെക്രട്ടറിയുടെ വ്യക്തിപരമായ നേട്ടമായി ചുരുക്കിക്കാണാന്‍ ശ്രമിച്ചതായി കണ്ടു. ഇത് തെറ്റായ വിലയിരുത്തലാണ്.പാര്‍ട്ടി എന്നത് ഒരു കൂട്ടായ്മയാണ്.അത് ഒരു വ്യക്തിയുടെ പേരില്‍ മാത്രം ചാര്‍ത്തുന്നത് ആശാസ്യമായ പ്രവണതയല്ല.ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അടിപ്പെടാതിരിക്കാന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും തയ്യാറാവണം.വ്യക്തിക്ക് പിന്നിലല്ല,പാര്‍ട്ടിക്ക് പിന്നിലാണ് ജനങ്ങള്‍ അണിനിരക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here