ചിങ്ങപ്പുലരിയാകുമ്പോള്‍ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം ജനങ്ങളില്‍ എത്തിത്തുടങ്ങും

0

ചിങ്ങപ്പുലരിയാകുമ്പോള്‍ വിവിധ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം ജനങ്ങളില്‍ എത്തി തുടങ്ങുമെന്നു മന്ത്രി തോമസ് ഐസക്. സര്‍ക്കാരിന്റെ പ്രായസങ്ങള്‍ മലയാളിയുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താന്‍ ഇടവരരുതെന്ന് ഐസക് കൂട്ടിച്ചേര്‍ത്തു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചിങ്ങപ്പുലരിയാകുമ്പോള്‍ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം ജനങ്ങളില്‍ എത്തിത്തുടങ്ങും. പ്രയാസങ്ങള്‍ ഉണ്ട്. പക്ഷെ അത് മലയാളിയുടെ ഓണാഘോഷത്തിന്റെ നിറംകെടുത്താന്‍ ഇടവരരുത്. ഇതാണ് സര്‍ക്കാരിന്റെ സമീപനം. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ ഒന്നൊന്നായി ധനകാര്യ വകുപ്പ് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഒമ്പതിന് ആരംഭിക്കും. സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണമാണ് ആദ്യം ആരംഭിക്കുക. ബാങ്ക് അക്കൌണ്ടുകളിലേയ്ക്കുള്ള പെന്‍ഷന്‍ തുടര്‍ന്ന് 17 നും 18 നും ഒരുമിച്ച് അയയ്ക്കും. 40.61 ലക്ഷം പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അയയ്ക്കുന്നത്. പുതിയതായി 89,051 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. 1760 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനായി വിതരണം ചെയ്യുന്നത്. ഇതുകൂടാതെ 9.6 ലക്ഷം പേര്‍ക്ക് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയും പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതില്‍ 19 ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുക സര്‍ക്കാരാണ് നല്‍കുന്നത്. 188.56 കോടി രൂപയാണ് ഇതിനു ചെലവ്. ലോട്ടറി തൊഴിലാളികള്‍ക്ക് 6,000 രൂപ ബോണസ് നല്‍കും. ക്ഷേമനിധി അംഗങ്ങളായ അരലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

തൊഴിലുറപ്പില്‍ 100 ദിവസം ജോലി ചെയ്ത എല്ലാവര്‍ക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നല്‍കുന്നതിനും ധനവകുപ്പ് അനുമതി നല്‍കി. 11.5 ലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വ്യത്യസ്ത ക്ഷേമ ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും വിതരണം ചെയ്യുകയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും 4,000 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ പരിധി 24,000 രൂപയായിരുന്നു. എന്‍.എം.ആര്‍ ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍, പാര്‍ടൈം അധ്യാപകര്‍, പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും.

ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയില്‍ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നല്‍കും. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി/ബാലവാടി അധ്യാപകര്‍, ആയമാര്‍, ഹെല്‍പ്പര്‍മാര്‍, സ്‌കൂള്‍ കൌണ്‍സിലര്‍മാര്‍, പാലിയേറ്റീവ്‌കെയര്‍ നേഴ്‌സുമാര്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതന്‍മാര്‍ തുടങ്ങിയവര്‍ക്കും ഉത്സവബത്ത ലഭിക്കും.

വിവിധ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അഡ്വാന്‍സ് 15,000 രൂപയായിരിക്കും. പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എന്‍.എം.ആര്‍, സി.എല്‍.ആര്‍, സീസണല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 5,000 രൂപ വരെ അഡ്വാന്‍സ് ലഭിക്കും.

സെപ്തംബര്‍ ഒന്ന് മുതല്‍ ലഭിക്കേണ്ട ശമ്പളവും പെന്‍ഷനും ചിങ്ങം ഒന്ന് മുതല്‍ നല്‍കും. ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സര്‍ക്കാര്‍ ജീവനക്കാരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുന്‍കൂറായി നല്‍കും.

ഓണാഘോഷം ഉഷാറാകട്ടെ. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here