‘കുഞ്ഞനന്തന് പാര്‍ട്ടിയില്‍ തുടരാമെങ്കില്‍ ദിലീപിന് അമ്മയിലുമാവാം’

0

നടിയെ അക്രമിച്ചകേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലെടുത്തതിനെ വിമര്‍ശിക്കാന്‍ ഇടതുസഖാക്കള്‍ക്കുള്ള അര്‍ഹതയെ ചോദ്യം ചെയ്ത് സാമൂഹിക നിരീക്ഷനും വിമര്‍ശകനുമായ ഡോ. ആസാദ്.

കൊലക്കുറ്റം ചെയ്തവരെ പാര്‍ട്ടിയില്‍ നില നിര്‍ത്തുന്നവര്‍, കോടതിയില്‍ വിചാരണ നേരിടുന്നവരെ സംഘടനയിലെടുത്തതെന്ത് എന്ന് അലമുറയിടാമോ? ലൈംഗികാതിക്രമ പരാതിയില്‍ പുറം തള്ളിയവരെ കേസിനു വിടാതെ തിരിച്ചു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ വരവേല്‍ക്കുന്നവര്‍ താരസംഘടനയെ പഴിക്കാന്‍ യോഗ്യരോ? ബേബിയും ഐസക്കും അതിനു മറുപടി പറയുമ്പോഴേ അവരുടെ പ്രതികരണം സത്യസന്ധമാവൂവെന്നും അദ്ദേഹം കുറിച്ചു.

കുഞ്ഞനന്തന് പാര്‍ട്ടിയില്‍ തുടരാമെങ്കില്‍ ദിലീപിന് അമ്മയിലുമാവാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” അക്രമിക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് താരസംഘടനയായ അമ്മ തണലായില്ല. മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയെ തിരിച്ചെടുത്തു സംഘടന തങ്ങളുടെ കൂറും ചായ് വും പ്രഖ്യാപിച്ചു. പിന്നെ അവിടെ തുടരാന്‍ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും സാധ്യമല്ലല്ലോ. അതിനാല്‍ ഭാവനയും റീമയും ഗീതുവും രമ്യയും താര സംഘടനയില്‍നിന്നു രാജിവച്ചു.

വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രകടമാവുന്നത്. ധീരമായ ചെറുത്തുനില്‍പ്പ് ആദരിക്കപ്പെടുന്നു. രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര നിരൂപകരും മാധ്യമ പ്രവര്‍ത്തകരും രാജി സമര്‍പ്പിച്ചവരെ പിന്തുണയ്ക്കാനെത്തി. രാജി ഒരു പ്രവര്‍ത്തനമാണെന്ന എം എന്‍ വിജയന്റെ വാക്കുകള്‍ വീണ്ടും തിരയുയര്‍ത്തി. മാറുന്ന ലോകത്തിന്റെ നായകരായി സിനിമയിലെ പെണ്‍ കൂട്ടുകള്‍ ആഢ്യ മെഗാസ്റ്റാര്‍ കൂളസംഘങ്ങളെ പോരിനു വിളിച്ചത് ചരിത്രത്തെ പൊള്ളിച്ചിരിക്കും.

എം എബേബിയും ഐസക്കും വി കെ ജോസഫും ഈ പെണ്‍മുന്നേറ്റത്തെ അഭിവാദ്യം ചെയ്യുന്നു. ആഹ്ലാദകരമാണ് ഈ നിലപാട്. പാര്‍ട്ടി ജയിപ്പിച്ച ജനപ്രതിനിധികള്‍ മറുപക്ഷത്താണ്. ഇന്നസെന്റും മൂകേഷും ഗണേഷ്‌കുമാറും ഇരയ്‌ക്കൊപ്പമല്ല. അവരെ തുണയ്ക്കുന്ന നിലപാടാണ് മിക്കപ്പോഴും സര്‍ക്കാറിന്റേത്. ഗണേഷിനെതിരെ ഒരമ്മ നല്‍കിയ കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി നാം കണ്ടു. സര്‍ക്കാറിന്റെ പിന്തുണയാണത്. ആ ധൈര്യമാണ് ഏതക്രമിക്കും കുടപിടിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. അക്കാര്യത്തില്‍ ഐസക്കിനും ബേബിയ്ക്കും അഭിപ്രായമുണ്ടോ? വേട്ടയാടപ്പെടുന്ന സിനിമാതാരങ്ങളോടുള്ള ആഭിമുഖ്യം ഗണേഷിന്റെ അക്രമവും അസഭ്യവും സഹിച്ച അമ്മയുടെയും മകന്റെയും നേരെ കാണാത്തതെന്ത്?

കൊലക്കുറ്റം ചെയ്തവരെ പാര്‍ട്ടിയില്‍ നില നിര്‍ത്തുന്നവര്‍, കോടതിയില്‍ വിചാരണ നേരിടുന്നവരെ സംഘടനയിലെടുത്തതെന്ത് എന്ന് അലമുറയിടാമോ? ലൈംഗികാതിക്രമ പരാതിയില്‍ പുറം തള്ളിയവരെ കേസിനു വിടാതെ തിരിച്ചു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ വരവേല്‍ക്കുന്നവര്‍ താരസംഘടനയെ പഴിക്കാന്‍ യോഗ്യരോ? ബേബിയും ഐസക്കും അതിനു മറുപടി പറയുമ്പോഴേ അവരുടെ പ്രതികരണം സത്യസന്ധമാവൂ.

കേരളീയ സമൂഹത്തില്‍ സംഘബലംകൊണ്ട് ധാര്‍മികനേരുകളെ കടപുഴക്കിയവര്‍ തുറന്നു കൊടുത്ത പാതയിലാണ് താരപുരുഷര്‍ മുന്നേറുന്നത്. താരസംഘടനയ്ക്കു മാത്രം ബാധകമായ മൂല്യ സംഹിതകളോ പെരുമാറ്റ ചട്ടങ്ങളോ ഉണ്ടാവാനിടയില്ല. ഒരിടത്തെ വേട്ടക്കാര്‍ മറ്റൊരിടത്തെ ഇരകള്‍ക്കൊപ്പം ഒച്ചവെച്ച് കേഴുന്നത് പരിഹാസ്യമാണ്. ഇരകള്‍ക്കെല്ലാം ഒരേ നീതി നല്‍കുന്ന ദര്‍ശനവും പ്രയോഗവും എവിടെയാണ് കൈമോശം വന്നതെന്ന് ആലോചിക്കണം.

സംഘബലത്തെ നേരിടാന്‍ ത്രാണിയില്ലാതെ കുനിഞ്ഞു നില്‍ക്കുന്ന തൊഴിലാളികളും യുവാക്കളും ബുദ്ധിജീവികളും പെരുകുന്ന ഒരു സമൂഹത്തില്‍ ധീരമായ നിലപാടെടുത്ത് നിവര്‍ന്നു പോരാടുന്നു എന്നതാണ് നാല്‍വര്‍ സംഘത്തിന്റെ രാജിയുടെ പ്രത്യേകത. തണുത്തുറയുകയോ വിനീത ദാസരായി ചുരുണ്ടുകൂടുകയോ ചെയ്യുന്ന ദുര്‍ബ്ബലരായ അനുയായികളില്‍നിന്ന് വേറിട്ട് ആത്മബോധവും ഇച്ഛാശക്തിയുമുള്ള ഒരു ജനാധിപത്യ കൂട്ടായ്മയിലേക്ക് വളരുകയാണ് സ്ത്രീഇടപെടലുകള്‍ എന്നാണ് ഇവരുടെ രാജി പറയുന്നത്. അതുകൊണ്ട് ഭാവനയെയും റീമയെയും ഗീതുവിനെയും രമ്യയെയും ഡബ്ലിയുസിസിയെയും അഭിവാദ്യം ചെയ്യേണ്ടതുണ്ട്.

സിനിമയില്‍ മാത്രമൊതുങ്ങാത്ത പൊളിച്ചെഴുത്തിന്റെ അക്ഷരമാല ഞാനാ രാജിക്കുറിപ്പില്‍ വായിക്കുന്നു. വരാനിരിക്കുന്ന സ്‌ഫോടനങ്ങളുടെ വിദൂര നടുക്കങ്ങള്‍ നെഞ്ചിലറിയുന്നു. അവനവനെകീറി മാത്രം പൂര്‍ത്തിയാക്കാവുന്ന രാഷ്ട്രീയ ഇടപെടലുകളിലേയ്ക്ക് ഒരു വാതില്‍ പൊടുന്നനെ തുറക്കപ്പെടുകയാവണം. സഖാക്കളേ മുന്നോട്ട്. ”

ആസാദ്
27 ജൂണ്‍ 2018

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here