‘ജനങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞിരിക്കുന്നത് അകമ്പടിയില്‍ അഭിരമിക്കുന്ന പൊങ്ങച്ചത്തമ്പുരാക്കന്മാര്‍”

0
ജനങ്ങള്‍ക്കു വേണ്ടി  ജീവിതം ഉഴിഞ്ഞിരിക്കുന്നത്
അകമ്പടിയില്‍ അഭിരമിക്കുന്ന പൊങ്ങച്ചത്തമ്പുരാക്കന്മാരാണെന്ന് ഡോ. ആസാദ്. ജനങ്ങളെ പരിരക്ഷിക്കേണ്ട പൊലീസ് സേനയെ തങ്ങളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കു വിനിയോഗിക്കുന്നതിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദാസ്യവേല ചെയ്യിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സുരക്ഷാ സംഘങ്ങളുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങാന്‍ ഭയമുള്ള നേതാക്കളും ഭരണാധികാരികളും ജനസേവനം നിര്‍ത്തണമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൂര്‍ണ്ണരൂപം:

” ദൈവത്തിനെന്തിനാണ് പാറാവ് എന്നു ചോദിച്ച ഒരു മുഖ്യമന്ത്രിയെ ഓര്‍ക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനനേതാവിന് എന്തിനാണ് പാറാവ് എന്നുകൂടി ഇന്നു ചോദിക്കേണ്ടിയിരിക്കുന്നു. ജന നേതാക്കളും ഭരണാധികാരികളും പല കാറ്റഗറിയിലുള്ള സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയില്‍ മാത്രം എഴുന്നെള്ളുന്നവരായിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു ലഭ്യമല്ലാത്ത ഒരു സൗജന്യവും തനിക്കു വേണ്ടെന്നു പറയാന്‍ കെല്‍പ്പുള്ള നേതാക്കളാരും നമ്മുടെ നാട്ടിലില്ല. അകമ്പടിയില്‍ അഭിരമിക്കുന്ന പൊങ്ങച്ചത്തമ്പുരാക്കന്മാരാണ് ‘ജനങ്ങള്‍ക്കു വേണ്ടി’ ജീവിതം ഉഴിഞ്ഞിരിക്കുന്നത്.

ജനങ്ങളെ നിയമപാലനത്തിന് തുണയ്ക്കാനാണ് പൊലീസ്. നിയമം ലംഘിക്കാനും ജനങ്ങളോടു യുദ്ധം ചെയ്യാനും തയ്യാറാവുന്ന സേനകള്‍ വെറും തെമ്മാടിക്കൂട്ടങ്ങളാണ്. ഒരു വേഷവും തിന്മയെ നീതീകരിക്കില്ല. ഒരധികാരവും തിന്മയെ വിശുദ്ധ കൃത്യമാക്കില്ല. പൊലീസ്, ഭരണാധികാരികളുടെ ആശ്രിതന്മാരോ ദാസന്മാരോ അല്ല. ആത്മാഭിമാനം മുറുകെ പിടിക്കുന്ന ഒരു പൊലീസുകാരനും ഏമാന്മാരുടെ അടിമകളാവരുതെന്ന് ജനാധിപത്യം ശഠിക്കുന്നുണ്ട്.

ജനങ്ങളാണ് വിധിക്കേണ്ടത്. ജനങ്ങള്‍ക്കുമേല്‍ വിധിക്കാന്‍ ഒരു ഭരണാധികാരിക്കുമാവില്ല. ജനങ്ങളെ പരിരക്ഷിക്കേണ്ട പൊലീസ് സേനയെ തങ്ങളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കു വിനിയോഗിക്കുന്നത് മന്ത്രിയായാലും ഉന്നത ഉദ്യോഗസ്ഥനായാലും തെറ്റുതന്നെ. ദാസ്യവേല ചെയ്യിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. സുരക്ഷാ സംഘങ്ങളുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങാന്‍ ഭയമുള്ള നേതാക്കളും ഭരണാധികാരികളും ജനസേവനം നിര്‍ത്തണം. നിങ്ങള്‍ രാജ്യത്തിന് ബാധ്യതയാണ്.

ദാസ്യവേല പൊലീസില്‍ മാത്രമല്ല. ചെറുതും വലുതുമായ രീതിയില്‍ നമ്മുടെ അധികാര ശ്രേണിയില്‍ പലയിടത്തുമുണ്ട്. അധികവേലയോ ദാസ്യവേലയോ ആയി തിരിച്ചറിയപ്പെടാത്ത തൊഴില്‍ ചുഷണം നിരവധിയാണ്. ഉയര്‍ന്ന ജനാധിപത്യ ബോധംകൊണ്ടും മാനവിക ദര്‍ശനം കൊണ്ടും മാത്രമേ അതു മനസ്സിലാക്കാനും തിരുത്താനുമാവൂ. അധികാര വ്യവഹാരങ്ങളുടെ ഇഴകളിലൂടെ കണ്ണുകള്‍ നീളണം. ചൂഷണം സൂക്ഷ്മവും വ്യാപകവും ദൗര്‍ഭാഗ്യവശാല്‍ സമ്മതവുമാകുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യണം. അപ്പോഴേ, നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാകൂ.

ആസാദ്
17 ജൂണ്‍ 2018”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here