ഊതിവീര്‍പ്പിച്ച ബലൂണുകളെല്ലാം പൊട്ടിത്തീര്‍ന്നു; പീറപ്പോലീസിനെ ചുമന്നവരും വഴിമാറട്ടെയെന്ന് ഡോ. ആസാദ്

0

കേരള മാതൃക, സാക്ഷര കേരളം, നവകേരളം, വിപ്ലവ കേരളം, വികസ്വര കേരളം എന്നൊന്നും ആര്‍ത്തലയ്‌ക്കേണ്ടെന്ന് ഡോ. ആസാദ്. എല്ലാം പിഴുതെടുക്കപ്പെട്ട ഒറ്റക്കണ്ണില്‍ എരിഞ്ഞു തീര്‍ന്നെന്നും അദ്ദേഹം കുറിച്ചു. കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധം പടരുമ്പോഴും ഇടതുപക്ഷത്തെ അപചയങ്ങളെ നിരന്തരം എതിര്‍ത്തുപോരുന്ന ഒരുകൂട്ടം ചിന്തകരും എഴുത്തുകാരും മാത്രമാണ് ഓരോ സംഭവങ്ങളോടും പ്രതികരിക്കാറുള്ളത്. ഡോ. ആസാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

” 1. ഊതിവീര്‍പ്പിച്ച ബലൂണുകളെല്ലാം ഒന്നൊന്നായി പൊട്ടിത്തീര്‍ന്നിരിക്കുന്നു. ഘോഷിക്കപ്പെട്ട വിരാട് രൂപങ്ങളെല്ലാം കുഞ്ഞു വാമനന്മാരായി നിലത്ത് വീണിരിക്കുന്നു. ഇനിയാരും കേരളം കേരളമെന്ന് അഭിമാനിക്കേണ്ടതില്ല. കേരള മാതൃക, സാക്ഷര കേരളം, നവകേരളം, വിപ്ലവ കേരളം, വികസ്വര കേരളം എന്നൊന്നും ആര്‍ത്തലയ്ക്കയുമരുത്. എല്ലാം പിഴുതെടുക്കപ്പെട്ട ഒറ്റക്കണ്ണില്‍ എരിഞ്ഞു തീര്‍ന്നിരിക്കുന്നു.

2 ചെങ്ങന്നൂരില്‍ ബിജെപി ജയിക്കുമെന്ന് കേട്ടാല്‍ സംശയിക്കേണ്ടതില്ല. കേരളത്തിലുടന്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പറഞ്ഞാലും വെറുതെയാവില്ല. തീവ്ര വലതു രാഷ്ട്രീയത്തിനും സംഘപരിവാരങ്ങള്‍ക്കും വളക്കൂറേറിയ മണ്ണായി കേരളം പരുവപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനി സംശയത്തിന് എങ്ങാണിടം? മണ്ണൊരുക്കി വഴിയൊരുക്കി കാത്തുനിന്നവരെ നോക്കുവിന്‍. ഉള്ളില്‍ താമരയും വാക്കില്‍ മതേതരത്വവും.

3 പല പതാകകളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന പാര്‍ട്ടികളെല്ലാം ഒരേ സാംസ്‌കാരിക നിലവാരമാണ് പങ്കുവെക്കുന്നത്. അവര്‍ നയിക്കുന്ന ജനാധിപത്യ വ്യവഹാരങ്ങള്‍ സവര്‍ണകോയ്മയുടെതാണ്. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ കക്ഷിരാഷ്ട്രീയം വിതച്ചതിന്റെ വിളവെടുപ്പാണിപ്പോള്‍ നടക്കുന്നത്. ഉള്ളില്‍ വര്‍ണാഭിമാനം സൂക്ഷിക്കുന്ന വിപരീത വിപ്ലവത്തെ വേര്‍തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. മതാന്ധതയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവേചനങ്ങളുടെ നടപ്പാഭാസങ്ങളും തിരിച്ചുവന്നപ്പോള്‍ ആശ്ലേഷിച്ചു സ്വീകരിച്ചവര്‍ തിന്മയുടെ വിളവുകള്‍ കൊയ്യട്ടെ.

4 ജാതിരഹിത ജീവിതമെന്ന് ഒരാളും മിണ്ടരുത്. വാഗ്ഭടനെന്നും ശ്രീനാരായണനെന്നും നവോത്ഥാനമെന്നും വാഴ്ത്തിപ്പാടരുത്. ഏത് ജാതിഹിന്ദുക്കോയ്മാ ഗ്രാമത്തിലും സംഭവിക്കുന്നത് ഇവിടെയും സാധാരണമാവുന്നു. ജാതിജീവിതം പലതട്ടുകളില്‍ പിളര്‍ന്നു പെരുകുന്നു. മതേതര പുരോഗമന ജീവിതത്തിന്റെ പരീക്ഷണങ്ങളെല്ലാം തകര്‍ന്നടിയുകയും യാഥാസ്ഥിതിക ജാതിഹിന്ദുത്വം കൊടി നാട്ടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളൊന്നും മതേതര ജനാധിപത്യ സംസ്‌കൃതി ഊട്ടിയുറപ്പിച്ചില്ല.

5 കെവിന്‍, പൊങ്ങച്ച കേരളത്തെ പൊളിച്ചടുക്കിയ രക്തസാക്ഷിത്വം. ആ നാമപദം ഉച്ചരിക്കാന്‍ ശേഷിയുണ്ടോ മന്ത്രിശ്രേഷ്ഠര്‍ക്ക്? മാന്യരേ, തല താഴ്ത്തുവിന്‍. ഈ പീറപ്പോലീസിനെ ചുമന്നവരും വഴിമാറട്ടെ. സ്വന്തം വകുപ്പ് ക്രിമിനലുകള്‍ക്ക് വിട്ടുകൊടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ക്കിടുന്ന ഭരണ നേതൃത്വം അപമാനകരമാണ്. ജീര്‍ണതയില്‍ അക്കമിടാന്‍ ഇനിയെന്തുണ്ട് ബാക്കി? കസ്റ്റഡി മരണം, വ്യാജഏറ്റുമുട്ടല്‍, പൊലീസ് രാജ്, ദളിത് പീഡനം, സ്ത്രീപീഡനം, ജനകീയ സമരങ്ങളുടെ അടിച്ചമര്‍ത്തല്‍….

6 നിവര്‍ന്നു നില്‍ക്കാന്‍ ഇനി ഒരുപാട് കുനിയണം. ഒരു വാക്കുച്ചരിക്കാന്‍ ഒരുപാട് വിഴുങ്ങണം. ഒരു ചുവടു വെയ്ക്കാന്‍ തന്നോടുതന്നെ പൊരുതണം. പോയ നൂറ്റാണ്ടിലെ മുറിവുകളില്‍ തുടങ്ങണം. കാണാത്ത പൂണൂലഴിച്ച് കാണുന്ന ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കണം.

ആസാദ്
29 മെയ് 2018”

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here