‘തൂത്തുക്കുടിയിലെ തീ മുതലക്കണ്ണീരില്‍ അണയില്ല’

0

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ജനകീയസമരത്തിനു നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഡോ. ആസാദ്. തൂത്തുക്കുടിയിലെ തീയണയാന്‍ രാഷ്ട്രീയക്കാരുടെ മുതലക്കണ്ണീരില്‍ അണയില്ലെന്നും ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണെന്നും അദ്ദേഹം ഫെയ്്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ ജനകീയ സമരമുഖങ്ങളുടെ നേരെ വെടിവെപ്പ് നടന്നില്ലെങ്കിലും അതിനടുത്തുവരെ എത്തിയിട്ടുണ്ട്. നമ്മുടെ
അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്ക് ദല്ലാള്‍ പണി നടത്തുന്നവരാണെന്നും അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല
**************************************

ജനങ്ങളുടെ ആരോഗ്യവും ജീവിത സുരക്ഷയും പുരോഗതിയുമാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി. ജൈവ വൈവിദ്ധ്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ടേ അതു നേടാനാവൂ. അതാണ് വികസനത്തിന്റെ അടിസ്ഥാന വീക്ഷണമാകേണ്ടത്.അത്രയും ബോധ്യമുണ്ടാവണം സര്‍ക്കാറുകള്‍ക്ക്.

ജനങ്ങളെ കൊന്നു തിന്നുന്ന സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാറല്ല. രണ്ടു ദിവസം തുടര്‍ച്ചയായി വെടിവെപ്പു നടത്തി പതിമൂന്നു പേരെ കൊന്ന തൂത്തുക്കുടി സ്വതന്ത്ര ഇന്ത്യയിലാണെന്നത് നമ്മെ നാണിപ്പിക്കണം. അക്രമികളെയോ കൊള്ളക്കാരെയോ കയ്യേറ്റക്കാരെയോ അല്ല അവരെ പ്രതിരോധിച്ച ജനങ്ങളെയാണ് പൊലീസ് നേരിട്ടത്. സായുധ സേനകള്‍ ആരുടെ സംരക്ഷകരാണ്? സര്‍ക്കാര്‍ ആരുടെ ഇംഗിതങ്ങളാണ് നടപ്പാക്കുന്നത്? യഥാര്‍ത്ഥ വികസനത്തിന് തുരങ്കംവച്ച് ജനങ്ങളെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന അധിനിവേശങ്ങളെ തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളും രാജ്യദ്രോഹികളുമാണ്.

തുത്തുക്കുടിയില്‍ മാത്രമല്ല രാജ്യമെങ്ങും വികസനമെന്ന പേരില്‍ അരങ്ങേറുന്ന ഭ്രാന്തന്‍ അധിനിവേശം ചര്‍ച്ചചെയ്യപ്പെടണം. വെടിയേറ്റു വീണവരോടുള്ള സഹാനുഭൂതിയല്ല, ജനങ്ങള്‍ക്കെതിരെ യുദ്ധംനടത്തുന്ന പുത്തന്‍ അധിനിവേശ ശക്തികളോടു സ്വീകരിക്കുന്ന നിലപാടും സമീപനവുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടത്.

മുതലക്കണ്ണീര്‍കൊണ്ട് തൂത്തുക്കുടിയിലെ തീ അണയ്ക്കാനാവില്ല. ഒരു ഭാഗത്ത് സൈനിക വിഭാഗങ്ങളെ നിരത്തി സമരങ്ങളെ നേരിടുന്നവര്‍ മറുഭാഗത്ത് കള്ളക്കണ്ണീരുമായി വീടു കേറേണ്ടതില്ല. രാജ്യമെങ്ങുമുള്ള സമര മുഖങ്ങളില്‍ സൈന്യം നരനായാട്ടു നടത്തിയിട്ടുണ്ട്. പ്രതിപക്ഷം പതിവു നാടകമാടിയിട്ടുമുണ്ട്. വെടിവെപ്പ് നടന്നില്ലെങ്കിലും അതിനടുത്തുവരെ എത്തിയിട്ടുണ്ട് നമ്മുടെ കേരളത്തിലെ ജനകീയ സമരമുഖങ്ങളിലും.

അധികാര ബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്ക് ദല്ലാള്‍ പണി നടത്തുന്നവരാണ്. സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ബന്ധുക്കള്‍. തൂത്തുക്കുടിയിലെ രക്തസാക്ഷിത്വം അവരുടെ കണ്ണു തുറപ്പിക്കുകയില്ല. അതിനാല്‍ അവരുടെ അനുഭാവം കള്ളനാട്യം മാത്രം.

ജനകീയ പ്രക്ഷോഭങ്ങള്‍ പുതിയ കാലത്തെ സ്വാതന്ത്ര്യ സമരങ്ങളാണ്. ജനപ്രതിനിധികളല്ല ജനങ്ങളാണ് അധികാരികള്‍. അധികാരവും സ്വാതന്ത്ര്യവും ജനങ്ങളിലേയ്ക്ക് എത്തുന്നില്ല. പാതിവഴിയില്‍ അവ കൊള്ളയടിക്കപ്പെടുന്നു. ജന പ്രതിനിധികള്‍ സ്വന്തം ജനതയെ ഒറ്റു കൊടുക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെക്കാള്‍ വലുതായ എന്തോ ആണ് വികസനമെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഒറ്റുകാശ് വലിച്ചെറിഞ്ഞു വേണം തൂത്തുക്കുടിയിലെ നരനായാട്ട് അപലപിക്കാന്‍. രക്തസാക്ഷിത്വത്തെ അഭിസംബോധന ചെയ്യാന്‍.

വികസനഭീതിയിലാണ് ജനം. അവര്‍ തോക്കുകളെ ഭയക്കുകയില്ല. മരണത്തെക്കാള്‍ മോശമായ ജീവിതം വെച്ചുനീട്ടുന്നവര്‍ തോക്കില്ലാതെ ജനങ്ങളെ കൊല്ലുന്നവരാണ്. തീവ്ര വികസനവാദികള്‍ ജനശത്രുക്കളാണ്. തൂത്തുക്കുടിയില്‍ മാത്രമല്ല, എല്ലായിടത്തെയും ജനവിരുദ്ധ വികസനാഭാസങ്ങള്‍ ചെറുക്കപ്പെടും. അതിനു ശമനമില്ല. ”

ആസാദ്
24 മെയ് 2018


Loading...

LEAVE A REPLY

Please enter your comment!
Please enter your name here