വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്നും ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍നടത്തുന്ന ശ്രമങ്ങളൊന്നും റിഹാനയുടെയും ഗ്രെറ്റയുടെയും പ്രതികരണങ്ങളെ മറികടക്കാന്പോന്നവയല്ലെന്നും തരൂര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
ഇരുവരുടെയും ആരാധകരില്‍ ഏറിയപങ്കും ഇന്ത്യക്കാര്‍ തന്നെയെന്നതാണ് ഇതിനുപിന്നിലെ വസ്തുത. അതുകൊണ്ട് ഇന്ത്യന്‍ താരങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ ‘പ്രതിരോധം’ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഇല്ലാതാക്കുന്നതിലേക്കേ നയിക്കൂവെന്നും തരൂര്‍ പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടികളിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സത്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വാസ്തവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എന്നാല്‍, അത് അംഗീകരിക്കാനോ ആ കോട്ടം പരിഹരിക്കാനോ നമ്മുടെ അധികാരികള്‍ തയ്യാറല്ല. ഇങ്ങനെയൊരു നില സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാതെ തലകറങ്ങിയിരിക്കുകയാണ് ജനങ്ങളെന്നും തരൂര്‍ പറഞ്ഞു.
റിഹാനയുടേയും ഗ്രെറ്റയുടേയും പ്രതികരണത്തിനെതിരെ മൂന്ന് സമാന്തരരീതികളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമെത്തിയത്. അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും മറ്റ് ലോകരാജ്യങ്ങളുമായി ഇടപെടാന്‍ ചുമതലപ്പെട്ട വിദേശകാര്യമന്ത്രാലയം ധാര്‍മികരോഷത്തോടെ പ്രസ്താവനയിറക്കിയതാണ് ഇതില്‍ ആദ്യത്തേതെന്ന് തരൂര്‍ പറയുന്നുവിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ രണ്ടുമന്ത്രിമാരടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചതാണ് രണ്ടാമത്തേത്.
കാലാവസ്ഥാസംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തന്ബെര്ഗുള്പ്പെടെയുള്ള അന്താരാഷ്ട്രതലത്തിലെ ചങ്കൂറ്റമുള്ള പ്രതിഭകളും റിഹാനയ്ക്കു പിന്നാലെ രംഗത്തെത്തിയതോടെ ചലച്ചിത്ര-ക്രിക്കറ്റ് താരങ്ങളടങ്ങുന്ന സംഘത്തെ വിദേശപ്രതികരണങ്ങള്‍ക്കെതിരായി രംഗത്തിറക്കിയതാണ് മൂന്നാമത്തേത്. ഒട്ടേറെ തലങ്ങളില്‍ വലിയ നാണക്കേടുണ്ടാക്കിയ നടപടിയായിരുന്നു ഇതെന്നും തരൂര്‍ പറഞ്ഞു.