തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുട്ടികളെ പഠിപ്പിക്കണം എന്നു അധ്യാപകരോട് പറഞ്ഞതിന് തന്നെ തെറി വിളിച്ചവര്‍ ഇന്ന് പി.എസ്.സിക്കു മുന്നില്‍ സമരമിരിക്കുന്നത് കാണുമ്പോള്‍ സന്തോഷമെന്ന് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്.
അക്ഷരം തെറ്റിയാല്‍ അര്‍ത്ഥവും തെറ്റും. ‘കാക്ക’ എന്നതിനു പകരം ‘കക്ക’ എന്നെഴുതിയാല്‍ അര്‍ത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം ഉണ്ടാവും. ‘വരും’ എന്നതിനു പകരം ‘വന്നു’ എന്നെഴുതിയാല്‍ കാര്യം മാറും. അതുകൊണ്ടാണ്
സ്കൂളില്‍ കുട്ടികളെ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞുപോയതെന്നും ചുള്ളിക്കാട് ഓര്‍ത്തു.
അദ്ധ്യാപക സമൂഹം എന്നെ മാത്രമല്ല എന്റെ മരിച്ചുപോയ മാതാപിതാക്കളെപ്പോലും അസഭ്യവര്‍ഷത്തില്‍ മൂടി. എന്നോടുള്ള വ്യക്തിവിരോധവും പകയും ശത്രുതയും ഒന്നും നിങ്ങള്‍ മാറ്റേണ്ടതില്ല. അതൊക്കെ പൂര്‍വ്വാധികം ശക്തമായി തുടര്‍ന്നോളൂ.
വരും തലമുറകള്‍ക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് ഞാന്‍ അദ്ധ്യാപകസമൂഹത്തോടു താഴ്മയായി അപേക്ഷിക്കുന്നു. എന്റെ കവിത പഠിക്കാനല്ല. പി.എസ്.സി. പരീക്ഷ അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍. – എന്നും അദ്ദേഹം നവമാധ്യമക്കൂട്ടായ്മയില്‍ കുറിച്ചു.