തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ് എന്ന വിചിത്രമായ പരാതി പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് തിടുക്കത്തില്‍ റഫര്‍ ചെയ്ത സ്പീക്കറുടെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും ഭരണഘടനാ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കയാണെന്നും രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇങ്ങനെ പോയാല്‍ സ്പീക്കര്‍ക്കെതിരേയും അവിശ്വാസത്തിന് നോട്ടീസ് കൊടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് തരം താണ രാഷ്ട്രീയം കളിക്കുന്ന രീതി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അവസാനിപ്പിക്കണം. താനിരിക്കുന്ന പദവിയുടെ അന്തസ്സ് കളഞ്ഞു കുളിച്ച് രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിന്റെ സ്പീക്കര്‍. ഈ മാസം മൂന്നാം തീയതി മാത്രമാണ് ജയിംസ് മാത്യു എം.എല്‍.എ, ലൈഫ് മിഷന്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ് എന്ന വിചിത്രമായ പരാതി നല്‍കുന്നത്. സ്പീക്കര്‍ ഒരു നിമിഷം പോലും കളയാതെ അത് പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയ്ക്ക് റഫര്‍ ചെയ്യുന്നു. 11ന് നിശ്ചയിച്ചിരുന്ന കമ്മിറ്റി അഞ്ചാം തീയതിയിലേക്ക് മാറ്റി പരാതി പരിഗണിച്ചു. അനാവശ്യവും, ദുരൂഹവുമായ തിടുക്കമാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ കാണിച്ചത്. സംസ്ഥാന നിയമസഭയുടെ അധ്യക്ഷന്‍ എന്ന പദവിയിലിരിക്കുന്ന അദ്ദേഹം, യഥാര്‍ത്ഥത്തില്‍ അഴിമതി ആരോപണങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കപ്പെടണമെന്ന നിലപാടായിരുന്നു കൈക്കൊള്ളേണ്ടിയിരുന്നത്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയം ആരോപണ വിധേയന്‍ കൂടിയാണ് സ്പീക്കര്‍. അതുകൊണ്ട് തന്നെ അദ്ദേഹം ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഈ നില തുടര്‍ന്നാല്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും അവിശ്വാസത്തിന് നോട്ടീസ് കൊടുക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

കെ.സി. ജോസഫ് എം.എല്‍.എ. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ഒരു പ്രിവിലേജ് നോട്ടീസ് കൊടുത്തിട്ട് ഏകദേശം ഒന്‍പത് മാസമായി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ വിമര്‍ശിച്ചു കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവന സഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചു കെ.സി. ജോസഫ് നോട്ടീസ് കൊടുത്തത്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ അനങ്ങാതിരുന്ന സ്പീക്കറാണ് അഴിമതി അന്വേഷണം മുടക്കാന്‍ സഭയുടെ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നടപടി ശരിയായില്ല എന്ന് ചൂണ്ടികാണിച്ചു ഇന്നലെ തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ”

LEAVE A REPLY

Please enter your comment!
Please enter your name here