തിരുവനന്തപുരം: വയനാട്ടില്‍ ഒരു മാവോയിസ്റ്റ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നു സൂചിപ്പിച്ച് ഡോ. ആസാദ്. മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടി നിയമ വ്യവസ്ഥയ്ക്കു മുന്നില്‍ ഹാജരാക്കുന്നതില്‍
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലിരിക്കെ നാലാമത്തെ ഏറ്റുമുട്ടല്‍ സംഭവമാണിതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ചേര്‍ന്ന സമീപനമല്ല സംസ്ഥാന പൊലീസിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോ. ആസാദിന്റെ ഫെയ്‌സ്ബുക്ക് പോസറ്റ്:


വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു എന്നു വാര്‍ത്ത വരുന്നു. ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റു മരിച്ചതാണെന്നു തണ്ടര്‍ബോള്‍ട്ട് പൊലീസ് പറയുന്നു. എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലിരിക്കെ നാലാമത്തെ ഏറ്റുമുട്ടല്‍ സംഭവമാണിത്.
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം വാര്‍ത്തയാവാറുണ്ട്. എന്നാല്‍ മാവോയിസ്റ്റ് അക്രമങ്ങളോ കുറ്റകൃത്യങ്ങളോ വലിയ വാര്‍ത്തയായി വന്നു കണ്ടിട്ടില്ല. പൊലീസ് വെടിവെപ്പില്‍ ഇതുവരെ ഏഴുപേര്‍ വധിക്കപ്പെട്ടു. മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ നടത്തിയ അക്രമത്തെ നേരിടുമ്പോഴാണ് അവയോരോന്നും നടന്നതത്രെ. പക്ഷെ, ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റ വാര്‍ത്ത ഒരിക്കലും കണ്ടിട്ടില്ല. ഏറ്റുമുട്ടലിന്റെ വെടിയൊച്ചകള്‍ നാട്ടുകാര്‍ കേള്‍ക്കുന്നുമില്ല.
ഇതു ഏകപക്ഷീയമായ അക്രമവും കൊലപാതകവുമാണെങ്കില്‍ നമ്മുടെ ജനാധിപത്യം തല താഴ്ത്തട്ടെ. ശിക്ഷ വിധിക്കാനുള്ള കോടതികളുടെ അധികാരം പൊലീസ് കയ്യാളുന്നത് ആശാസ്യമല്ല. കുറ്റവാളികളെ ജീവനോടെ പിടിച്ചു നിയമ വ്യവസ്ഥയ്ക്കു മുന്നില്‍ ഹാജരാക്കാന്‍ കഴിയണം. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്.
പുസ്തകം വായിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും മാവോയിസ്റ്റാക്കുക, അവരെ യുഎപിഎ കേസുകളില്‍ പെടുത്തുക, മാവോയിസ്റ്റു ഭീഷണി നില നില്‍ക്കുന്നു എന്നു വരുത്തുംവിധം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തന പദ്ധതികള്‍ നാം കാണുന്നു. ഇവ നമ്മുടെ രാജ്യത്തെ ജനാധിപത്യ ജീവിതത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എന്നു നമ്മെ വിശ്വസിപ്പിക്കുന്നു. മനുഷ്യന്റെ രക്തംവീഴ്ത്തുന്ന യുദ്ധമാണിത്. ചാപ്പകുത്തി ബലിയാടാക്കല്‍. ജീവനോടെ പിടിച്ചു വിചാരണ ചെയ്തു കാണിക്കണം സര്‍ക്കാറേ!
സി പി ജലീല്‍ വൈത്തിരിയില്‍ വെടിവെച്ചു വീഴ്ത്തപ്പെട്ടത് ആക്രമത്തിനിടയിലാണെന്ന വിശദീകരണം തെറ്റാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടു പറയുന്നു. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിട്ടില്ല. പക്ഷെ, ആഭ്യന്തര വകുപ്പ് പുതിയ വിശദീകരണമൊന്നും നല്‍കിയില്ല. മാവോയിസ്റ്റുകളുടെ ജീവനെടുക്കുന്നതില്‍ തെറ്റില്ല എന്നാണ് അവര്‍ ധരിക്കുന്നത്. മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് നയിക്കാനാണ് ( ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാനല്ല) ഈ നയം സഹായകമാവുക.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ചേര്‍ന്ന സമീപനമല്ല സംസ്ഥാന പൊലീസിന്റേത്. കാടുകളില്‍ ചോരവീഴ്ത്തിക്കൊണ്ട് എത്രദൂരം മുന്നേറാനാവും? വര്‍ഗീസിന്റെ രക്തം കാഞ്ചി വലിച്ചവനെ വിറകൊള്ളിച്ചതു നാം കണ്ടു. നീതി അതിന്റെ ദൗത്യം പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങില്ല. കാലവും ചരിത്രവും തന്നെ സാക്ഷി.

ആസാദ്
03 നവംബര്‍ 2020

LEAVE A REPLY

Please enter your comment!
Please enter your name here