എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌ പേടി കൊണ്ടു നാവു വരണ്ടു കാണും…

0

 

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ എഴുത്തുകാരി കെ.ആര്‍. മീരയുടെ പ്രതിഷേധം. കവിതാ സമാനമായ രീതിയില്‍ പരിഹാസ സ്വരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എഡേ മിത്രോം,
കുരീപ്പുഴയങ്ങു വിരണ്ടു കാണും.
പേടി കൊണ്ടു നാവു വരണ്ടു കാണും.
ശരീരം കിടുകിടാ വിറച്ചു കാണും.
കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.
ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.
ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.
ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.
രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.
ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.
മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.
ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.
ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ
ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.
ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.
ശാഖയില്‍ ചേര്‍ന്നു കാണും.
നിക്കറെടുത്തിട്ടു കാണും.
ചുവന്ന കുറി തൊട്ടു കാണും.
ഓറഞ്ച് ചരടു കെട്ടിക്കാണും.
എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.
നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.
‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !


Loading...

LEAVE A REPLY

Please enter your comment!
Please enter your name here