ന്യൂഡല്‍ഹി | ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പാക്കിക്കൊണ്ട് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ മിന്നാലാക്രമണം. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു പാക്കിസ്ഥാനിനുള്ളില്‍ കടന്ന് ഇന്ത്യ തിരിച്ചടിച്ചത്. കര-നാവിക- വ്യോമ സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇന്ത്യന്‍ ആക്രമണം പാക്പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്ഥിതീകരിച്ചു. തിരിച്ചടിക്കാന്‍ പാക്കിസ്ഥാന് അവകാശമുണ്ടെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമമേഖലയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയാണ് 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ വിമാനത്താവളങ്ങള്‍ അടച്ചു. അതേസമയം ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്ത് മണിക്ക് പാകിസ്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സൈന്യം സമൂഹമാദ്ധ്യമങ്ങളില്‍ കൃത്യമായ സന്ദേശം പങ്കുവച്ചിരുന്നു. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ടാങ്കുകള്‍ എന്നിവയുടെ വീഡിയോ പങ്കുവെച്ച് ”പ്രഹരിക്കാന്‍ തയ്യാറാണ്, വിജയിക്കാന്‍ പരിശീലനം നേടി” എന്ന തലക്കെട്ടും ഇന്ത്യന്‍ സേന പങ്കുവെച്ചു.
പാക് അധീന കശ്മീരിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിന് നിമിഷങ്ങള്‍ക്ക് ശേഷം, ബഹാവല്‍പൂരിലും മുസാഫറാബാദിലും സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.