ന്യൂഡല്‍ഹി | 2024-25 ല്‍ പാകിസ്താനിലെ 19 ലക്ഷം ആളുകള്‍ കൂടി ദാരിദ്ര്യത്തിലേക്ക് വീണതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയര്‍ന്നതോടെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനവും ദാരിദ്ര്യത്തിലായി. 16.5 ശതമാനം പേര്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണ്. 2025-ല്‍ കാലാവസ്ഥാ വ്യതിയാനം മൂലം മഴയില്‍ 40 ശതമാനം കുറവുണ്ടായതും, കീടങ്ങളുടെ ആക്രമണവും കാരണം രാജ്യത്തെ കാര്‍ഷിക മേഖല തകര്‍ന്നടിയുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സിന്ധൂനദീജല കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറിയതോടെ ഇനി പാക്കിസ്ഥാനിലെ കാര്‍ഷികമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. പാകിസ്താനിലെ ഗ്രാമപ്രദേശങ്ങളിലും നഗരത്തിലും വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ശുദ്ധജലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം അപര്യാപ്തമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, ആഭ്യന്തരതര്‍ക്കങ്ങള്‍ തുടങ്ങിയവ നാടിന്റെ സാമ്പത്തിക ശക്തിയെ തകര്‍ത്തുകൊണ്ടിരിക്കുന്നതായും ലോക ബാങ്ക് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് വലിയ വിഭാഗം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്.
പാകിസ്താനില്‍ ഭീകര സംഘടനകളുടെ സ്വാധീനവും പ്രവര്‍ത്തനവും നിമിത്തം വിദേശ നിക്ഷേപങ്ങള്‍ പാകിസ്താനില്‍ വരാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here