ഒഡീഷ | ഒഡീഷയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും സ്പീഡ് ബോട്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. പുരി ബീച്ചില്‍ ഒരു വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റിക്കിടെയാണ് സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞത്. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ബോട്ടിന്റെ ഭാരം കുറഞ്ഞതാണ് മറിയാന്‍ കാരണമാതെന്ന് അര്‍പിത ആരോപിച്ചു.
‘കടല്‍ ഇതിനകം വളരെ പ്രക്ഷുബ്ധമായിരുന്നു. ബോട്ടില്‍ 10 പേര്‍ക്ക് കയറാന്‍ സൗകര്യമുണ്ടായിരുന്നു, പക്ഷേ പണത്തോടുള്ള അത്യാഗ്രഹം കാരണം, അവര്‍ മൂന്നോ നാലോ പേരെ മാത്രമേ കയറ്റിയുള്ളൂ. ആ ദിവസം കടലില്‍ പോകാന്‍ അനുവദിച്ച അവസാന ബോട്ടായിരുന്നു ഇത്. കടലില്‍ പോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആശങ്ക ഉന്നയിച്ചിരുന്നു, പക്ഷേ കുഴപ്പമില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. ലൈഫ് ഗാര്‍ഡുകള്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞങ്ങളെ രക്ഷിക്കുമായിരുന്നില്ല. ഞാന്‍ ഇപ്പോഴും ആഘാതത്തിലാണ്… ഇതുപോലൊന്ന് ഒരിക്കലും നേരിട്ടിട്ടില്ല. ബോട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍, ഒരുപക്ഷേ അത് മറിഞ്ഞുവീഴുമായിരുന്നില്ല” – ഇങ്ങനെയാണ് അര്‍പിത ഗാംഗുലി സംഭവം വിവരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.