അഗര്‍ത്തല: ഒരു കൂട്ടം സ്ത്രീകള്‍ മരത്തില്‍കെട്ടിയിട്ടു തല്ലിയ ബലാത്സംഗക്കേസ് പ്രതി മരിച്ചു. ധലാജി ജില്ലിലെ ഗന്ദാചെറ പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെയാണ് പ്രദേശത്തെ സ്ത്രീകള്‍ തല്ലിക്കൊന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിനു ഇരയായത്. അമ്മയോടൊപ്പം മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലെത്തിച്ചാണ് ക്രൂരകൃത്യം നടത്തിയത്. പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കരച്ചില് കേട്ട് സ്ഥലത്തെത്തിയ സമീപവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം വനിതകള്‍ ഇയാളെ മരത്തില്‍കെട്ടിയിട്ടു മര്‍ദ്ദിച്ചത്. അബോധാവസ്ഥയിലായ ഇയാള്‍ ആശുപത്രിയില്‍ മരണപ്പെട്ടു.