ലക്നൗ: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഒാര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍. കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ തടവുശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്രത്തിന് എതിരല്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. നിയമപ്പോരാട്ടത്തിന് ഒരുങ്ങുമെന്ന് സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു.
പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഒാര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. സമ്മര്‍ദത്തിലാക്കിയും പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വിവാഹത്തിനായി മതം മാറ്റുന്നത് കുറ്റകരമാകും. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് പരാതി നല്‍കാം.
ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയും പതിനയ്യായിരം രൂപ പിഴയും വിധിക്കാം. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതോ, പട്ടിക വിഭാഗത്തില്‍ നിന്നോ ആണെങ്കില്‍ കുറ്റക്കാര്‍ക്ക് മൂന്നു മുതല്‍ പത്തുവരെ തടവു ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴയും. പെണ്‍കുട്ടിക്ക് അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. മതംമാറി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹത്തിന് രണ്ട് മാസം മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണം