മുറിയില്‍ ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും, നരേന്ദ്രഗിരിയുടെ മരണത്തില്‍ മൂന്നു ശിഷ്യന്മാര്‍ കസ്റ്റഡിയില്‍

ലഖ്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നു ശിക്ഷ്യന്മാര്‍ കസ്റ്റഡിയില്‍. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരമാണ് പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ നരേന്ദ്രഗിരി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉച്ചകഴിഞ്ഞും മുറിയില്‍ നിന്നു പുറത്തുവരാതായതോടെ വാതില്‍ പൊളിച്ചു അകത്തു കടന്ന ശിഷ്യന്മാരാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും സമീപത്തു നിന്നു ലഭിച്ചിരുന്നു.

അദ്ദേഹം ഏറെ അസ്വസ്തനായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പ് പരിശോധിച്ചശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മരണാന്തരം ആശ്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങളും മരണത്തിലേക്കു തള്ളി വിടുന്നവരുടെ പേരുകളും കുറിപ്പിലുണ്ട്. ഇതിനൊപ്പം ഒരു വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ശിഷ്യന്മാരെ കസ്റ്റഡിയിലെടുത്തത്. എട്ടു പേജുള്ള കുറിപ്പില്‍ ജീവനൊടുക്കാനുള്ള സാഹചര്യവും വിശദീകരിച്ചിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലാകുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിച്ച് സ്വാമി ആനന്ദ് ഗിരി രംഗത്തെത്തിയിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ എല്ലാവശങ്ങളളും പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here