തിരുവനന്തപുരം: രാജ്യത്ത് സ്ഥിരീകരിച്ച മൂന്നാമത്തെ കൊറോണ കേസും കേരളത്തില്‍. വുഹാനില്‍ നിന്നു തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്കു കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ വ്യക്തമാക്കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.