ഹൈദരാബാദ്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികള്‍ തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിക്കുകയാരിന്നുവെന്നും കീഴടങ്ങാന്‍ തയാറാകാതെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. അതേസമയം, സംഭവത്തല്‍ ഇടപെട്ട ഹൈക്കോടതി പ്രതികളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ ഒമ്പതുവരെ സംസ്‌കരിക്കരുതെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

പ്രതികള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും വി.സി. സജ്ജനാര്‍ പറഞ്ഞു. പൊലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിപ്പറിച്ച് വെടിവെക്കാനാണ് ഇവര്‍ ശ്രമിച്ചത്. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ വെടിയേറ്റിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ അവര്‍ അത് സമ്മതിച്ചിരുന്നു. കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിച്ചെത്തിയ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആവശ്യമെങ്കില്‍ മറുപടി നല്‍കുമെന്നും വി.സി. സജ്ജനാര്‍ വ്യക്തമാക്കി.

മരിച്ചുകിടക്കുന്ന പ്രതികളുടെ കൈയ്യില്‍ തോക്കിരിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here