തിരുവനന്തപുരം: ഗര്‍ഭചിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിക്കുന്ന കേന്ദ്ര നിയമഭേദഗതി നിലവില്‍ വന്നു. ഇതിനുസൃതമായ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപവത്കരിക്കാ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി.
നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെയും 20 ആഴ്ചവരെ രണ്ടു ഡോക്ടര്‍മാരുടെ നിഗമനത്തിലും ഗര്‍ഭഛിദ്രം നടത്താമായിരുന്നു. പുതിയ ഭേദഗതിയോടെ, 20 ആഴ്ചവരെയുള്ള ഗര്‍ഭം ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്നു വയ്ക്കാം. എന്നാല്‍ 24 ആഴ്ചകയ്ക്കുള്ളിലാണെങ്കില് രണ്ടു ഡോക്ടര്‍മാരുടെ നിഗമനം ആവശ്യമാണ്. ഗര്‍ഭസ്ഥ ശിശുവിനു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രം എപ്പോള്‍ നടത്താനും അനുമതി നല്കുന്ന മാറ്റം ആദ്യമായിട്ടാണ്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധന്, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധി തുടങ്ങിയവരാണ് ബോര്‍ഡിലെ അംഗങ്ങളാകേണ്ടത്. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് ഈ സമിതി പരിശോധിച്ച് നിലാപട് സ്വീകരിക്കും.
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ വെളിപ്പെടുത്താന്‍ പാടില്ലെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. ലംഘിച്ചാല്‍ ഒരു വര്‍ഷംവരെ തടവു നല്‍കാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു.