തമിഴ് സംസ്കാര​​ത്തോട് ബഹുമാനമില്ല; ഈ അനാദരവ് തുടരാൻ മോദിയെയും ബിജെപിയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി

ഈറോഡ്: മോദി സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ ആരോപണങ്ങളുമായി തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി. മെയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യ ദിനം തന്നെ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.

നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കൊപ്പം സഖ്യം ചേർന്നാണ് ഇത്തവണ ബിജെപി തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. എത്ര ശ്രമിച്ചിട്ടും വേരുറപ്പിക്കാൻ കഴിയാത്ത ദ്രാവിഡ മണ്ണിൽ ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഇവർ നടത്തി വരികയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസ് നേതാവിന്‍റെ കടന്നാക്രമണം. തമിഴ് സംസ്കാരത്തെയും ഭാഷയെയും അപമാനിക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപിയും കേന്ദ്രവും നടത്തുന്നതെന്നും നോട്ട് നിരോധനം, ജിഎസ്ടി അടക്കമുള്ള നീക്കങ്ങളിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.

തമിഴ് സംസ്കാരത്തോടും ഭാഷയോടും കേന്ദ്രത്തിന് യാതൊരു ബഹുമാനവുമില്ല. തമിഴ് ജനതയോടുള്ള ഈ അനാദരവ് തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും ഞാൻ ഇനി അനുവദിക്കാനും പോകുന്നില്ല’ രാഹുൽ ഗാന്ധി പറഞ്ഞു. ഈറോഡിൽ നടന്ന് പ്രചരണ റാലിക്കിടെയാണ് രാഹുലിന്‍റെ പ്രതികരണം. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ മേഖല. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലും സമാന വിമർശനം തന്നെ രാഹുൽ ഉന്നയിച്ചിരുന്നു.’സംസ്കാരം, ഭാഷ, തമിഴ്‌നാട്ടിലെ ജനങ്ങൾ എന്നിവരോട് പ്രധാനമന്ത്രി മോദിക്ക് ബഹുമാനമില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾക്കും സംസ്കാരത്തിനും അധീനരാണ് തമിഴ് ജനതയും ഭാഷയും എന്നാണ്  പ്രധാനമന്ത്രി കരുതുന്നത്’ എന്നായിരുന്നു വിമർശനം.

നോട്ട് നിരോധനം,ജിഎസ്ടി, ഇന്ധന വില വർദ്ധന എന്നിവയൊക്കെ തമിഴ്നാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അഞ്ചോ ആറോ വ്യവസായികളുടെ കൈകളിലാണ് ഈ രാജ്യം. സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തമിഴ് ജനങ്ങളെയും നിയന്ത്രിക്കാമെന്നാണ് അവർ കരുതുന്നത് എന്നാൽ ഇത് സത്യമല്ല. തമിഴ് ജനങ്ങളെ ഒരിക്കലും പറ്റിക്കാൻ കഴിയില്ല എന്ന് ചരിത്രം നോക്കിയാൽ കാണാം. തനിക്ക് ആ നാടുമായുള്ള ‘കുടുംബ ബന്ധം’ ഓർമ്മിപ്പിച്ച് രാഹുൽ പറഞ്ഞു. 1991 ൽ ചെന്നൈക്ക് സമീപം ശ്രീപെരുമ്പദൂരിൽ വച്ചാണ് രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

എന്‍റെ അച്ഛനോടും മുത്തശ്ശിയോടും നിങ്ങൾക്കുള്ള ബഹുമാനം എനിക്കറിയാം. നിങ്ങളുടെ പ്രശ്നങ്ങളും കേൾക്കാനും മനസിലാക്കാനും പരിഹരിക്കാനുമാണ് ഞാനെത്തിയിരിക്കുന്നത്. തമിഴ് സംസ്കാരത്തെയും ഞാൻ മനസിലാക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട്’ എന്ന കാര്യവും രാഹുൽ പ്രത്യേകമായി എടുത്തു പറഞ്ഞു. ഡിഎംകെയുമായി ചേർന്നാണ് കോൺഗ്രസ് ഇത്തവണ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ വൻവിജയം നേടാനാകുമെന്നാണ് ഇരുകൂട്ടരുടെയും പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 39 സീറ്റില്‍ 38ലും കോൺഗ്രസ്-ഡിഎംകെ സഖ്യം വിജയിച്ചിരുന്നു.

തമിഴ്നാടിന് ഒരു പുതിയ സർക്കാരിനെയാണ് ആവശ്യം. അതുകൊണ്ട് തന്നെയാണ് നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സർക്കാർ രൂപപ്പെടുത്താൻ നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങളോട് സംസാരിക്കവെ രാഹുൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here