വായ്പ കുടിശ്ശിക തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യും, വിസമ്മതിച്ചാൽ അമ്മയെ പരസ്യമായി ഇരയാക്കും … രാജസ്ഥാൻ സർക്കാരിനെ പിടിച്ച് കുലുക്കി വിവാദം

ജയ്പുർ | വായ്പ തിരിച്ചടവ് മുടങ്ങുന്ന നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളെ പഞ്ചായത്ത് കൂടി ലേലം ചെയ്യും. എട്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെപ്പോലും മാംസ വിൽപ്പനയ്ക്ക് ഇരയാക്കാൻ ആദ്യം മുദ്രപത്രത്തിൽ കരാർ ഉണ്ടാക്കും. ദത്തെടുക്കലെന്ന ഓമനപ്പേരിൽ കരാറുണ്ടാക്കി അയൽ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഇവരെ എത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് രാജസ്ഥാനിൽ നിന്നാണ്.

കരാറിന്റെ പകർപ്പുകളും സാക്ഷിമൊഴിയുമൊക്കെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടതോടെ രാജസ്ഥാൻ സർക്കാരിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ അന്വേഷണത്തിനായി രണ്ടംഗ സമിതി രൂപീകരിച്ചു. രാജസ്ഥാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നാലാഴ്‌ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലം സന്ദർശിച്ച് മൂന്നു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ പ്രവർത്തകൻ ഉമേഷ് ശർമയ്ക്ക് കമ്മിഷൻ നിർദേശം നൽകി.

ഭില്‍വാരയിൽ ഉൾപ്പെടെ 6 ജില്ലകളിൽ സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കാൻ എട്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ കരാർ ഉണ്ടാക്കി ലേലം ചെയ്യുന്നു എന്ന മാധ്യമ റിപ്പോർട്ട് 25നാണ് പുറത്തുവന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയാൽ വിഷയം പ്രാദേശിക പഞ്ചായത്തിൽ ചർച്ചയ്ക്ക് എത്തും. പണം തിരിച്ചടയ്ക്കാൻ കഴിയില്ലെന്നു വന്നാൽ ആ കുടുംബത്തിലെ പെൺകുട്ടികളെ ലേലം ചെയ്യുന്നു. ഇതിനായി ഏജന്റുമാരും ഇവിടെ സജീവമാണത്രേ.

15 ലക്ഷം വായ്പയെടുത്ത ആളിനോട് പഞ്ചായത്ത് ആദ്യം ലേലം ചെയ്യാൻ നിർദ്ദേശിച്ചത് സഹോദരിയെ. വായ്പ തിരിച്ചടവിനുള്ള പണം കിട്ടാതിരുന്നതോടെ എട്ടു വയസുള്ള മകളെയും ലേലം ചെയ്യിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എട്ടുലക്ഷം രൂപയ്ക്കായിരുന്നു രണ്ടാമത്തെ ലേലം. ഇത്തരത്തിലുള്ള നിരവധി കേസുകളുടെ വിശദാംശങ്ങൾ വാർത്തയുടെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്. കരാർ ലംഘിച്ചതിന് അമ്മമാരെ ബലാത്സംഗം ചെയ്യാൻ പഞ്ചായത്ത് കൂടി തീരുമാനിച്ചതിന്റെ വിവരവും വാർത്തയിലുണ്ട്. ദത്തെടുക്കലെന്ന രീതിയിലാണ് കരാറുകൾ തയാറാക്കുന്നത്. എന്നാൽ ഫലത്തിൽ ഇവരെ ലൈംഗിക കച്ചവടത്തിലേക്ക് തള്ളി വിടുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭാര്യയുടെയും മാതാവിന്റെയും ചികിത്സയ്ക്കായി വായ്പാ എടുത്ത മറ്റൊരു കുടുംബത്തിലെ പെൺകുട്ടി ലേലത്തിലൂടെ ആഗ്രയിലെത്തിയത് ആറു ലക്ഷം രൂപയ്ക്കാണ്. ഈ കുട്ടി മൂന്ന് തവണ വിൽപ്പനയ്ക്ക് വിധേയമായതായും നാലു തവണ ഗർഭം ധരിച്ചതായും റിപ്പോർട്ടുണ്ട്.

വിഷയം ചർച്ചയായിട്ടും അശോക് ഗെലോട്ട് സർക്കാർ ഇതുവരെയും നടപടി സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇത് ചോദ്യം ചെയ്താണ് ബിജെപി എത്തിയിട്ടുള്ളത്. പെൺകുട്ടികൾ ഏറ്റവും അധികം അതിക്രമങ്ങൾക്ക് വിധേയമാകുന്ന സംസ്ഥാനമായി രാജസ്ഥാൻ മാറി എന്നും പെൺകുട്ടികളുടെ പ്രശ്നങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും ബിജെപി ആരോപിച്ചു.


NHRC issues notice to Rajasthan govt over ‘auctioning of girls’ to settle financial disputes

LEAVE A REPLY

Please enter your comment!
Please enter your name here