രാജ്യസഭയിലും ലോക്‌സഭയിലും എന്നുവേണ്ട ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴിയിലെ പരിചിതമുഖം. കോര്‍പ്പറേറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സുപരിചിതന്‍. നിയമത്തിന്റെ സങ്കീര്‍ണതകള്‍ കീറി പരിശോധിക്കാന്‍പോന്ന ചാണക്യന്‍…

നിയമ, മാധ്യമ, കോര്‍പ്പറേറ്റ് മേഖലകളെ തെറ്റാതെ വിലയിരുത്തി, വിശകലനം ചെയ്ത് ഒപ്പം നിര്‍ത്തിയിരുന്ന ജെയ്റ്റ്‌ലിയുടെ വിടവ് ബി.ജെ.പിയില്‍ ആരു നികത്തുമെന്നത് ചോദ്യചിഹ്നമാണ്. ജെയറ്റ്‌ലി വിട വാങ്ങുമ്പോള്‍ ഇല്ലാതാകുന്നത് മോദിയെന്ന രാഷ്ട്രിയക്കാരനെ പ്രധാനമന്ത്രി കസേരയിലേക്ക് ഉയര്‍ത്തിയതിലെ പ്രധാനിയാണ്. 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മോദിയെ മുന്‍നിര്‍ത്തി നേരിടണമെന്ന ബി.ജെ.പി തീരുമാനത്തിനായി ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ജെയ്റ്റ്‌ലി. പാര്‍ട്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്നു ജെയ്റ്റ്‌ലി. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റിട്ടും പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ ജെയ്റ്റ്‌ലിക്ക് മോദി മന്ത്രിസഭയില്‍ ഇടം നല്‍കിയതും ചരിത്രം. ആര്‍.എസ്.എസുമായുള്ള അടുപ്പവും മോദി ജെയ്റ്റ്‌ലി സൗഹൃദത്തിലെ ഘടകമാണ്.

ഗുജറാത്തിലേക്കു പ്രവേശിക്കാന്‍ വിലക്ക് നേരിട്ട് ഡല്‍ഹിയില്‍ തങ്ങിയിരുന്ന അമിത് ഷായ്ക്കും ജെയ്റ്റ്‌ലി പ്രീയപ്പെട്ടവനായിരുന്നു. രാഷ്ട്രീയത്തിനപ്പും നിയമപരമായ സഹായവും ജെയ്റ്റ്‌ലി ഷായ്ക്ക് നല്‍കി. എല്ലാദിവസവും തമ്മില്‍ കാണുന്നവരായിരുന്നു അക്കാലത്ത് ഇരുവരും.

ഇന്ദ്രപ്രസ്ഥത്തിലെ സമസ്ത മേഖലകളിലും സ്വാധീനമുണ്ടായിരുന്ന ഒരു നേതാവ് ഇല്ലാതാകുമ്പോള്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനും അതുണ്ടാക്കുന്ന വിടവ് വലുതാണ്. ഈ വിടവ് നകത്തപ്പെടാന്‍ പോകുന്നതെങ്ങനെയെന്നുള്ള ചോദ്യം അവശേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here