ഡല്‍ഹി: കൂട്ടുകാരിയെ കാണാന്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ആറ് വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടി വന്ന ഇന്ത്യന്‍ പൗരന്‍ ഹമീദ് നിഹാല്‍ അന്‍സാരി(33) പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തി. ഹമീദിനെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി ആളുകളാണ് വാഗ അതിര്‍ത്തിയില്‍ കാത്തുനിന്നിരുന്നു.

പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ ഹമീദിനെ ഇന്നലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയതിനെ തുടര്‍ന്നാണ് മുംബൈ സ്വദേശിയായ ഹമീദ് നിഹാല്‍ അന്‍സാരി ജയിലിലാകുന്നത്. മതിയായ രേഖകളില്ലാതെ പാകിസ്ഥാനിലെത്തിയതിനെ തുടര്‍ന്നാണ് ചാരവൃത്തി ആരോപിക്കപ്പെട്ട് 2012 ല്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2015ല്‍ സൈനിക കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

ഹമീദിന് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. 2018 ഡിസംബര്‍ 15ന് ശിക്ഷാകാലാവധി പൂര്‍ത്തിയായിരുന്നു. ശിക്ഷ കാലാവധി പൂര്‍ത്തിയായ ഉടനെ ഹമീദിനെ നാട്ടിലേക്ക് മടക്കി അയക്കണമെന്ന് പെഷവാര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഹമീദ് ഇന്ത്യയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here