ബിജെപിയെ തൂത്തെറിയും; നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി

നന്ദിഗ്രാം: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. പത്തു വർഷം മുമ്പ് കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ നന്ദിഗ്രാം ആണ് മമത ബാനർജിയെ അധികാരത്തിൽ എത്തിച്ചത്. മമത ബാനർജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസം സുവേന്ദു ബി ജെ പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിഗ്രാമിൽ മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനം.

ഞാൻ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കും, നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്’ – മമത ബാനർജി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി നന്ദിഗ്രാമിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത ബാനർജി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ ഭബാനിപുരിൽ നിന്ന് ആയിരുന്നു അവർ മത്സരിച്ചത്. ‘ഭബാനിപുർ, എന്നോട് മോശമായി ഒന്നും തോന്നരുത്. ഞാൻ നിങ്ങൾക്ക് ഒരു നല്ല സ്ഥാനാർത്ഥിയെ നല്കും’ – 66 കാരിയായ മമത ബാനർജി പറഞ്ഞു. 

അതേസമയം, ചിലപ്പോൾ താൻ രണ്ടു മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചേക്കുമെന്നും പിന്നീട് പ്രസംഗത്തിൽ  അവർ പറഞ്ഞു. ‘നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയാണ്, ഭബാനിപുർ എന്റെ ഇളയ സഹോദരിയും. കഴിയുമെങ്കിൽ ഞാൻ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. ഭബാനിപുരിൽ മത്സരിക്കാൻ എനിക്ക് കഴിയാതെ വന്നാൽ മറ്റാരെങ്കിലും അവിടെ നിന്ന് മത്സരിക്കും’ – മമത ബാനർജി വ്യക്തമാക്കി.

നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെടുത്തിയ കർഷകരുടെ ഭൂമിയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിലൂടെയാണ് 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി വൻവിജയം നേടിയത്. ഭരണത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷത്തെ തോൽപിച്ചാണ് അന്ന് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here