മാലിയില്‍ മോഡി നയതന്ത്രം എന്താകും?

0

ഡല്‍ഹി: ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ദ്വീപ് രാജ്യമായ മാലിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ചൈനയുടെയും പാക്കിസ്ഥാന്റേയും സൗദി അറേബ്യയുടെയും പിന്തുണതേടിയതോടെ ഇന്ത്യന്‍ നിലപാടെന്തെന്ന് ഉറ്റുനോക്കുകയാണ് ലോകം.

15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് രാഷ്ട്രീയ പ്രതിസന്ധിയില്‍ കലങ്ങിമറിയുന്ന മാലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയ’തന്ത്രം’ എന്താകുമെന്നാണ് ഇനി അറിയേണ്ടത്. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇന്ത്യയൊഴികെയുള്ള സുഹൃദ്‌രാജ്യങ്ങളായ ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങിളേക്ക് നയതന്ത്ര പ്രതിനിധിസംഘത്തെ അയക്കുമെന്നും മാലിയിലെ രാഷ്ട്രീയപ്രതിസന്ധിയെക്കുറിച്ച് ധരിപ്പിക്കുമെന്നും അറിയിച്ചതോടെയാണ് ഇന്ത്യന്‍ നിലപാടെന്തെന്ന് ലോകം ഉറ്റുനോക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മാലിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധ്യാനമുള്ള സൗഹൃദരാജ്യമാണ് മാലി. പലപ്പോഴും മാലിയിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ ഇന്ത്യന്‍സ്വാധീനവും പ്രകടമായിരുന്നു.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് ഇന്ത്യയോടുള്ള അടുപ്പമാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ ചൈനയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കാരണം. ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്താനുള്ള ഒരു അവസരവും പാഴാക്കാത്ത ചൈന മാലിയില്‍ അബ്ദുള്ള യമീന്റെ ഭരണം നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം 12 രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാനും ഇവരുടെ പാര്‍ലമെന്റിലെ വിലക്ക് നീക്കാനും സുപ്രിംകോടതി ഉത്തരവിട്ടതോടെയാണ് മാലിയിലെ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. 12 പേരുടെ വിലക്ക് പിന്‍വലിക്കപ്പെട്ടാല്‍ യമീന്‍ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടും. തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമീന്‍, അഴിമതി കുറ്റമാരോപിച്ച് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, സഹജഡ്ജി അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയും പിന്തുണയും തേടി മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും രംഗത്തെത്തി. മാലിയിലെ സ്ഥിതിഗതികള്‍ സസൂക്ഷമം വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

അറസ്റ്റിലായതോടെ രാജ്യത്തെ പ്രതിസന്ധി കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കുന്നതായി സുപ്രീംകോടതി ജഡ്ജി അറിയിച്ചു. എന്നാല്‍ ജയിലില്‍ കടുത്ത പീഡനമാണ് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദിന് ഏല്‍ക്കേണ്ടിവന്നതെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ട്വിറ്ററില്‍ പ്രതികരിച്ചു. നാടുകടത്തപ്പെട്ട് ഇപ്പോള്‍ ശ്രീലങ്കയില്‍ കഴിയുകയാണ് നഷീദ്.

രാജ്യത്തെ ജനങ്ങള്‍ ഇരുചേരിയായി മാറിയിട്ടുണ്ട്. ഇന്ത്യക്കനുകൂലമായി നിലപാടെക്കുന്നവരും നിലവിലെ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരുമെന്ന നിലയില്‍ ഭിന്നിപ്പുണ്ട്. നേപ്പാള്‍, ശ്രീലങ്ക, മാലി ദ്വീപ് എന്നിവിടങ്ങളില്‍ ചൈന താല്‍പര്യം കാട്ടിത്തുടങ്ങുന്നതും ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇന്ത്യാ വിരുദ്ധ താത്പര്യങ്ങള്‍ ഉടലെടുക്കുംവിധം ഈ രാജ്യങ്ങളോട് പ്രത്യേക മമത കാട്ടുന്നുണ്ട് ചൈനീസ് ഭരണകൂടം.

മാലിദ്വീപില്‍ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ചൈനീസ് നിലപാട്. ഇന്ത്യയുടെ സൈനിക നടപടി മുന്നില്‍ കണ്ടാണ് ഈ നീക്കം.1988ല്‍ ഇന്ത്യ സൈനികമായി ഇടപെട്ട് മാലി ദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിച്ചതു ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രസിഡന്റ് നഷീദ് ഇന്ത്യന്‍ സഹായം അഭ്യര്‍ത്ഥിച്ചത്.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് 2016 മുതല്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയാണ്. മാലിയില്‍ ആദ്യമായി ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ നഷീദിനെ അട്ടിമറിച്ച് 2013ല്‍ യമീന്‍ അധികാരത്തിലെത്തുകയായിരുന്നു. 2015ല്‍ ഭീകരവിരുദ്ധക്കുറ്റം ചുമത്തി നഷീദിനെ ജയിലിലടച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് 2016ല്‍ ചികിത്സയ്ക്കായി രാജ്യത്തിനുപുറത്തുപോകാന്‍ യമീന്‍ ഭരണകൂടം അനുമതി നല്‍കി. തുടര്‍ന്നാണ് നഷീദ് ബ്രിട്ടനിലെത്തുന്നത്. 2018 നവംബറില്‍ യമീന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. ഭരണഘടനപ്രകാരം ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തില്ലെന്നതാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നയം. മാലിയിലെ രാഷ്ട്രീയം ഇന്ത്യയ്ക്ക് പ്രധാനമാണ്. ചൈനീസ് താല്‍പര്യം സംരക്ഷിക്കുന്ന ഭരണകൂടം പാക്കിസ്ഥാന്റെ വരെ പിന്തുണതേടിയതോടെ ഇന്ത്യന്‍ നിലപാടാണ് ഇനി അറിയേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘നയതന്ത്ര’ത്തിന് പ്രാധാന്യമേറെയുണ്ട്. സൈനികനടപടി എന്നത് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ പ്രതിശ്ചായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന അഭിപ്രായവുമുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാകും കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതിനിടെ മാലദ്വീപിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here