ഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശിപാര്‍ശ രാഷ്ട്രപതി രംനാഥ് കോവിന്ദ് അംഗീകരിച്ചു. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടയില്‍ ബി.ജെ.പി, ശിവസേന, എന്‍.സി.പി കക്ഷികളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടപടിയുണ്ടാകും.

  • മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലേക്കു പോകുന്നതിനു മുന്നോടിയായിട്ടാണ് യോഗം ചേര്‍ന്നത്.
  • സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്.
  • തെരഞ്ഞെടുപ്പ് ഫലം വന്ന് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിനു ശിപാര്‍ശ ചെയ്തു. ചൊവ്വാഴ്ച എട്ടു മണിവരെയാണ് എന്‍.സി.പിക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കത്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിമാറിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ശിപാര്‍ശ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ രാജ്ഭവന്‍ നിഷേധിച്ചു.
  • രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി കസേര പങ്കിടാനുള്ള നിര്‍ദേശം ശിവസേനയ്ക്കു മുന്നിലേക്കു വച്ച് എന്‍.സി.പി. സമയപരധി അവസാനിക്കാറാകുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് അനുകൂല മറുപടി നല്‍കിയിട്ടില്ല. അവസാന വട്ട ചര്‍ച്ചകളും കരുനീക്കങ്ങളിലുമാണ് പാര്‍ട്ടികള്‍.

ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം.

തിങ്കളാഴ്ച രാത്രി 7.30 നു മുമ്പ് തീരുമാനം അറിയിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനിലെത്തിയ ശിവസേന സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. എന്നാല്‍, സമയം നീട്ടി നല്‍കാന്‍ ഗവര്‍ണര്‍ തയാറായില്ലെന്ന് ആദിത്യ താക്കറെ മാധ്യമങ്ങളെ അറിയിച്ചു. മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. 24 മണിക്കൂറാണ് എന്‍.സി.പിക്കു ലഭിച്ചിരിക്കുന്നത്.

ഏഴു സ്വതന്ത്ര എം.എല്‍.എമാരും ശിവസേനാ സംഘത്തോടൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ചു. എന്‍.സി.പിയുടേയോ കോണ്‍ഗ്രസിന്റെയോ പിന്തുണക്കത്ത് ശിവസേനയ്ക്ക് ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിച്ച് ഹൈക്കമാന്റ് ചര്‍ച്ച തുടരുകയാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയ്ക്ക് പിന്തുണക്കത്ത് നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here