ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി വിമത നീക്കം. സഖ്യത്തിന്റെ ഭാഗമായിരുന്ന 14 എം.എല്‍.എമാര്‍ രാജി വച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചശേഷം എം.എല്‍.എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ട് നിലപാടറിയിച്ചു. ജെ.ഡി.എസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, കോണ്‍ഗ്രസ് മുന്‍മന്ത്രി രാംലിംഗ റെഡ്ഡി എന്നി പ്രമുഖരും രാജിവച്ചവരിലുണ്ട്. ഓഫീസില്‍ മടങ്ങിയെത്തിയശേഷം ചൊവ്വാഴ്ച എം.എല്‍.എമാരുടെ രാജിക്കത്തില്‍ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

യു.എസിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി നാട്ടിലേക്ക് മടങ്ങി. രാജി വച്ച കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഇപ്പോഴരങ്ങേറുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യദ്യൂരപ്പ് വ്യക്തമാക്കി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here