ന്യൂഡല്‍ഹി | റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്നു 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കരാര്‍ ഒപ്പിട്ടു. ഉക്രെയിന് റഷ്യ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്ക് ഉപരോധങ്ങളുമായി പാശ്ചാത്യ ശക്തികള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഉപരോധങ്ങള്‍ ലംഘിക്കാതെയുള്ള ഇന്ത്യന്‍ നടപടി.
മാര്‍ച്ചു മാസത്തില്‍ 3,60,000 ബാരല്‍ എണ്ണ റഷ്യയില്‍ നിന്നു ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ലെ ശരാശരിയുടെ നാലിരട്ടിയാണിത്. കമ്മോഡിറ്റീസ് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലയറിനെ ഉദ്ധരിച്ചു പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം, പ്രതിദിനം 2,03,000 ബാരലുവരെ കയറ്റുമതിക്കുള്ള ഷിപ്മെന്റുകളുടെ ബുക്കിംഗ് വരും മാസത്തേക്കു ഉണ്ടായിട്ടുണ്ട്.
ആഗോള വിപണിയില്‍ ബാരലിന്റെ വില 140 ഡോളറിലേക്കു ഉയരുമ്പോഴാണ് ഉപരോധത്തില്‍ വലയുന്ന റഷ്യ കുറഞ്ഞ വിലയ്ക്കു ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇന്ധനം വാഗദാനം ചെയ്തത്. തുടര്‍ന്നാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ നടപടി ഉപരോധങ്ങളുടെ ലംഘനമാണെന്ന് പ്രതികരിക്കാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തയാറായിട്ടില്ല. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്നാണു യുഎസ് പ്രതികരിച്ചത്. റഷ്യന്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുമ്പോള്‍ വിപണി വിലയില്‍ ഇത് എത്ര കുറവുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.