രാജ്യത്തെ ഏതു കമ്പ്യൂട്ടറിലും കടന്നു കയറി ഡാറ്റ പിടിച്ചെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു അനുമതി

0
20

ഡല്‍ഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും കടന്നു കയറാനും നിരീക്ഷിക്കാനും ഡാറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധും ശക്തമായി.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും കമ്പ്യൂട്ടറിലെ ഡാറ്റയിലേക്ക് കടന്നു കേറാനുള്ള അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് പുതിയ ഉത്തരവിലൂടെ കഴിയും. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും. നിലവിലെ നിയമ പ്രകാരം ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.

സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ( ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസാം), ദില്ലി പൊലീസ് കമ്മീഷണര്‍ എന്നീ ഏജന്‍സികള്‍ക്കാണ് ഈ സവിശേഷാധികാരം അനുവദിച്ചത്.

അതേസമയം, ഉത്തരവ് വിവാദമായതോടെ ആഭ്യന്തരമന്ത്രാലയത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ടെലിഗ്രാഫ് ആക്ടിന്റെ പുന:പരിശോധന മാത്രമാണ് നടത്തിയതെന്നും ആക്ടില്‍ നിലനില്‍ക്കുന്ന കാര്യങ്ങളും മറ്റുമാണ് പുതിയ ഉത്തരവിലും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിദശീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here