ന്യൂസിലാന്‍ഡ് ഭീകരാക്രമണം: മരണം 49, മരിച്ചവരില്‍ ഇന്ത്യക്കാരനും, മലയാളി അടക്കം ആറു ഇന്ത്യക്കാരെ കാണാനില്ല

0

ക്രൈസ്റ്റ്ചര്‍ച്ച്/ഡല്‍ഹി: ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യക്കാരനും കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

കാണാതായ ആറു പേരുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരാളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

ഓസ്‌ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു. യൂറോപ്പില്‍ നടക്കുന്ന മുസ്ലിം കുടിയേറ്റമാണ് ആയുധമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ ആക്രമണത്തിന് കാരണമായി പറയുന്നത്.

പിടിയിലായ പ്രതിയില്‍നിന്നും കണ്ടെടുത്ത 74 പേജുള്ള കുറിപ്പില്‍ കുരിശു യുദ്ധത്തിലെ പ്രധാന സൈനിക വിഭാഗമായിരുന്ന നൈറ്റ്‌സ് ഓഫ് റ്റെമ്പ്‌ലാറില്‍ നിന്ന് അനുഗ്രഹം നേടിയെന്നും പറയുന്നു. തന്നെ ഭീകരനാക്കിയത് സ്റ്റോക്ക്‌ഹോമില്‍ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടാകുന്നത്. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here