ജി.എസ്.ടി കുറച്ചു: മോണിട്ടറിനും ടി.വിക്കും പച്ചക്കറിക്കും വില കുറയുമോ ?

0
16

ഡല്‍ഹി: മോണിറ്റര്‍, ടിവി തുടങ്ങി നിരവധി സാധനങ്ങളുടെ നികുതി പുതുക്കി നിശ്ചയിച്ച് ജി.എസ്.ടി. കൗണ്‍സില്‍. 31 ാമത് യോഗത്തില്‍ ശീതീകരിച്ച പച്ചക്കറിക്കുണ്ടായിരുന്ന നികുതി ഒഴിവാക്കുകയും ചെയ്തു. കേരളത്തിനു വേണ്ടിയുള്ള പ്രളയസെസ് സംബന്ധിച്ച് തത്വത്തില്‍ ധാരണയായെങ്കിലും അന്തിമതീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി.

ക്രാങ്ക്, ഗിയര്‍ ബോക്‌സ് തുടങ്ങിയവകളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി. 32 ഇഞ്ച് വരെയുള്ള മോണിട്ടറുകള്‍ക്കും ടിവിക്കും നികുതി 18 ശതമാനമാക്കി കുറച്ചു. പവര്‍ ബാങ്ക്, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ തുടങ്ങിയവകളേയും 18 ശതമാനം നികുതി സ്ലാബിലേക്ക് താഴ്ത്തി.

ദിവ്യാംഗര്‍ക്കുള്ള ഉപകരണങ്ങളുടെ പാര്‍ട്ട്‌സുകള്‍ക്ക് നികുതി 28 ല്‍ നിന്നും അഞ്ചാക്കി കുറച്ചു. കോര്‍ക്കുകള്‍ക്കും ഊന്നു വടികള്‍ക്കും നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. സംഗീത പുസ്തകങ്ങള്‍ക്ക് നികുതി ഒഴിവാക്കി.

പച്ചക്കറികള്‍ ശീതീകരിച്ചതും കവറുകളില്‍ പാക്ക് ചെയ്തതുമായവയ്ക്ക് നികുതി ഒഴിവാക്കി. നേരത്തെ അഞ്ചു ശതമാനമായിരുന്നു നികുതി. നൂറു രൂപ വരെയുള്ള സിനിമ ടിക്കറ്റുകള്‍ക്ക് നികുതി നിരക്ക് 18 ല്‍ നിന്ന് 12 ആക്കി കുറച്ചു. നൂറു രൂപയ്ക്ക് മുകളില്‍ ഉള്ളതിന് നികുതി 28 ല്‍ നിന്ന് 18 ആക്കി.

ഗുഡ്‌സ് വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ജിഎസ്ടി 18 ല്‍ നിന്ന് 12 ശതമാനമാക്കി. ജനധന യോജന അക്കൗണ്ടുകളുടെ സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജിഎസ്ടിയെ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം 33000 കോടി രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി സിമന്റിന് നികുതി കുറയ്ക്കാനുള്ള നീക്കം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here