ന്യൂഡല്‍ഹി: പാക്കേജിങ് മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും കൈകാര്യം ചെയ്യാനും ഉത്പാദകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്കുന്ന പുതിയ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ (ഭേദഗതി) ചട്ടങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, പുന:ചംക്രമണം ചെയ്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നശിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് നിര്‍വചനങ്ങളും വ്യവസ്ഥകളും ഇതില്‍ നിര്‍ദേശിക്കുന്നു. ചട്ടം ലംഘിക്കുന്നവര്‍ പരിസ്ഥിതി നഷ്ടപരിഹാരം നല്‍കേണ്ടി വരും.
ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇതിലുടെ നിലവില്‍ വരും. പ്ലാസ്റ്റിക് പാക്കേജിങ് മാലിന്യം കൈകാര്യം ചെയ്യാന്‍ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ എന്നിവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഏര്‍പ്പെടുത്തുകയാണെന്ന് പരിസ്ഥിതിമന്ത്രാലയം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് പുതിയ നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമത്തിലാണ് ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇവ ഉടന്‍ നിലവില്‍വരും. പ്ലാസ്റ്റിക്കിനെ നാല് വിഭാഗങ്ങളായി നിര്‍വചിക്കുന്നുണ്ട്.
പുതിയ ഭേസഗതി പ്രകാരം, ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ പ്ലാസ്റ്റിക് പുനരുത്പാദനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍, കാലാവധി കഴിഞ്ഞവ ഉപേക്ഷിക്കുന്നതിന്റെ അളവ് തുടങ്ങിയവ എല്ലാവര്‍ഷവും ജൂണ്‍ 30 നു മുമ്പ് സമര്‍പ്പിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്രീകൃത രജിസ്ട്രേഷന് പോര്‍ട്ടല്‍ സജീകരിക്കും. വസ്തുതകള്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പരിശോധിക്കും.
പരിസ്ഥിതി നഷ്ടപരിഹാരം ഉത്പാദകരുടെയും ഇറക്കുമതിക്കാരുടെയും ബ്രാന്‍ഡ് ഉടമകളുടെയും ബാധ്യത ഇല്ലാതാക്കുന്നില്ല. ഒരുവര്‍ഷം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാധ്യതകള്‍ മൂന്നുവര്‍ഷത്തേക്ക് നിലനില്ക്കും. മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രതലത്തില്‍ സമിതി നിലവില്‍ വരും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് ഇതിന്റെ ചുമതല. നടപടികള്‍ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ എല്ലാവര്‍ഷവും ജൂലായ് 31-നുമുമ്പ് വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്ലാസ്റ്റിക് പാക്കേജിംഗ് നിര്‍മ്മാതാക്കളുടെ കാര്യത്തില്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 70 ശതമാനത്തിനും 2023-24 ല്‍ 100 ശതമാനത്തിനും ബാധകമാകും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വിറ്റഴിച്ച പ്ലാസ്റ്റിക് പാക്കേജിംഗ് മെറ്റീരിയലിന്റെ (വിഭാഗം തിരിച്ചുള്ള) ശരാശരി ഭാരമാണ് എംടിയില്‍ അര്‍ഹമായ അളവ്. 2024-25 ല്‍ 50%, 2025-26 ല്‍ 60%, 2026-27ല്‍ 70%, 2027-28 ലും അതിനുശേഷവും 80% എന്നിങ്ങനെയായിരിക്കും റീസൈക്കിള്‍ ചെയ്യാനുള്ള ബാധ്യത. ബ്രാന്‍ഡുകള്‍ക്കും ഇറക്കുമതിക്കാര്‍ക്കും സമാനമായ ടൈംലൈനുകള്‍ ബാധകമാണ്.