പിണറായിയെ ‘നിലയ്ക്കു നിര്‍ത്താന്‍’ കേരളത്തിലേക്ക് പുതിയ ഗവര്‍ണര്‍

0

കെജ്‌രിവാളിനു വേണ്ടി ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരെ അണിനിരത്തിയ പിണറായി വിജയനെ ‘നിലയ്ക്കു നിര്‍ത്താന്‍’ കേരളത്തിലേക്ക് പുതിയ ഗവര്‍ണര്‍ വരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍.

കേരളാ ഗവര്‍ണര്‍ പി. സദാശിവത്തെ ആന്ധ്രാ പ്രദേശിലേക്കോ മഹാരാഷ്ട്രയിലേക്കോ മാറ്റി നിയമിക്കും. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി അടക്കമുള്ളവരുടെ പേരുകളാണ് കേരളത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞയുടനെയാണ് സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിച്ചത്. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനോട് പല കേന്ദ്രങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബി.ജെ.പി കണ്ണാണ് കാര്യങ്ങള്‍ സദാശിവത്തിന് അനുകൂലമാക്കിയത്.

ഗവര്‍ണറെന്ന നിലയില്‍ പി. സദാശിവം സ്വീകരിച്ചിരുന്ന നിലപാടുകളോട് ബി.ജെ.പി സംസ്ഥാന ഘടകത്തിനു തുടക്കത്തിലേ വിയോജിപ്പുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്തു വരുകയും ചെയ്തു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള അടുപ്പമാണ് അന്നൊക്കെ സദാശിവത്തിന് തുണയായത്. നേതാക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനപ്പുറം ഒരു നടപടിയും ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍, കുസാറ്റിലെ നിയമന കാര്യങ്ങളിലടക്കം ഒടുവില്‍ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അതൃപ്തി വര്‍ദ്ധിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ നല്ലരീതിയില്‍ പ്രാവര്‍ത്തികമാകുന്നില്ല. പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ക്രെഡിറ്റിലാവുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിനോട് ‘അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സാ’ണ് ഗവര്‍ണര്‍ നടത്തുന്നതെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് ഇതോടെയാണ്.

ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സമരത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയത് മുഖ്യമന്ത്രിമാരുടെ സന്ദര്‍ശനമാണ്. ഇതിന് മുന്നിട്ടിറങ്ങിയ കേരള മുഖ്യന്റെ രാഷ്ട്രീയ നീക്കത്തിനുള്ള മറുപടി കൂടിയാണ് പുതിയ ഗവര്‍ണര്‍ നിയമനം. ആദ്യമൊന്നും പരിഗണിക്കാതിരുന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here