ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക ദ്രോഹ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ‘ദേശവിരുദ്ധ’ ഘടകങ്ങളില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തിക്കെറ്റ്. അത്തരത്തിലുള്ള ആളുകളുണ്ടെങ്കില്‍ അവരെ പുകച്ചു പുറത്തുചാടിക്കണമെന്നും അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടു.

‘കര്‍ഷക സമരത്തില്‍ ‘ദേശവിരുദ്ധ’ ഘടകങ്ങളില്ല. ഉണ്ടെങ്കില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അവരെ പിടികൂടണം. നിരോധിത സംഘടനയിലെ ആളുകള്‍ ഞങ്ങളുടെ ഇടയില്‍ കറങ്ങുന്നുണ്ടെങ്കില്‍ അവരെ നിയമത്തിനുമുന്നിലെത്തിക്കണം. അത്തരത്തിലുള്ള ആരെയും ഞങ്ങള്‍ കണ്ടിട്ടില്ല, ഉണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ പിടികൂടിയിരിക്കും’ -അദ്ദേഹം പറഞ്ഞു.ഡല്‍ഹി-ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ ആരംഭിച്ചു. ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് ശ്രദ്ദ നല്‍കാന്‍ സര്‍ക്കാരിന് ഒരു സന്ദേശം നല്‍കുകയാണ് മാര്‍ച്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തു എന്ന ആരോപണം രവിശങ്കര്‍ പ്രസാദ് അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളില്‍പ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ പിടികൂടണം. അത്തരത്തില്‍പ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

അതേസമയം, രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ അടക്കം കേന്ദ്രസേനയുടെയും പൊലീസിന്റെയും വിന്യാസം വര്‍ധിപ്പിച്ചു. കര്‍ണാല്‍ ദേശീയപാതയിലെ ബസ്താര ടോള്‍ പ്ലാസ കര്‍ഷകര്‍ അടച്ചുപൂട്ടി. അംബാല ശംഭു അതിര്‍ത്തിയിലെ ടോള്‍ പ്ലാസ പിടിച്ചെടുത്തു ജനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here