ഡല്‍ഹി: കർഷക സംഘടനയുമായുള്ള അഞ്ചാംഘട്ട അനുരഞ്ജന ചർച്ചയും അലസിപ്പിരിഞ്ഞതോടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നകാര്യം കേന്ദ്രം ആലോചിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പാർലമെന്ററികാര്യ മന്ത്രിതല സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം, നിലപാടിൽ അണുവിട വ്യതിചലിക്കാൻ തയാറല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂർണമാക്കാനാണ് സംഘടനകളുടെ ആലോചന. രാജ്യത്തെ ദേശീയ പാതകൾ എല്ലാം ഉപരോധിക്കാനാണ് നീക്കം. ഇടതുപാർട്ടികൾക്ക് പിന്നാലെ കോൺഗ്രസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
ഭാരത്ബന്ദിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. ഹരിയാനയിൽ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെ ബഹിഷ്ക്കരിക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചത് സ്വതന്ത്ര എംഎൽഎമാരുടെ രാജിയെത്തുടർന്ന് പരുങ്ങലിലായിരിക്കുന്ന ഖട്ടർ സർക്കാരിന് ഇരട്ടിപ്രഹരമായി. ഭാരത് ബന്ദിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവും രംഗത്തെത്തി. നേരത്തെ, ഇടത് പാര്‍ട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. കമല്‍ഹസന്റെ മക്കന്‍ നീതി മയ്യവും കര്‍ഷകര്‍ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ അണിചേരുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
കര്‍ഷകദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.