ഡ്രാഗൺ ഫ്രൂട്ട് ഇനി ‘കമലം’; പേര് മാറ്റി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റാൻ തീരുമാനിച്ച്  ഗുജറാത്ത് സർക്കാർ ‘കമലം’ എന്നാണ് ഡ്രാഗൺ ഫ്രൂട്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലമായതിനാലാണ് കമലം എന്ന പേര് നൽകിയിരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി  പറഞ്ഞു. ‘ഡ്രാഗൺ’ എന്ന പദം ഒരു ഫലത്തിന് അനുയോജ്യമല്ലെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറയുന്നു.

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് ‘കമലം’ എന്നു മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ ന്യൂസ്18യാണ് റിപ്പോർട്ട് ചെയ്തത്. ‘ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് കമലം എന്ന് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഗുജറാത്ത് സര്‍ക്കാര്‍ ഈ ഫലത്തെ ‘കമലം’ എന്ന് തന്നെ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് മിനിസ്റ്റർ ഹോർട്ടികൾച്ചർ ഡെവലപ്മെന്‍റ് മിഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ‘ഡ്രാഗൺ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്കൃത പദമാണ്. ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല’ രൂപാണി പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയാണ്. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാന മന്ദിരത്തിന്‍റെ പേര് ‘ശ്രീ കമലം’ എന്നാണെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പേര് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ.