ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ഭ്രുണഹത്യവേണോയെന്ന് അമ്മയ്ക്ക് തീരുമാനിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുണ്ടായാല്‍ അതുമായി ബന്ധപ്പെട്ട തീരുമാനം അമ്മയ്ക്ക് കൈക്കൊള്ളാന്‍ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 28 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ 33 കാരിക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വര്‍ഷത്തില്‍ ഓരോ ശസ്ത്രക്രിയയും വേണ്ടിവന്നേക്കുമെന്നാണ് ബോര്‍ഡ് പറഞ്ഞത്. അപൂര്‍വമായ ഹൃദ്രോഗമുള്ള കുഞ്ഞാണെന്നും കണ്ടെത്തി. ഇക്കാരണത്താല്‍ വലിയ മാനസിക സമ്മര്‍ദമാണ് അമ്മ അനുഭവിക്കുന്നതെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ തീരുമാനം. പ്രത്യുത്പാദനപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഗര്‍ഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള അമ്മയുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജ്യോതി സിങ് പരാമര്‍ശിച്ചു.
ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം മാത്രമേ അലസിപ്പിക്കാന്‍ അനുമതി നല്‍കാവൂ. ഈ സമയപരിധി അവസാനിച്ചതിനാലാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ എയിംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.