തന്ത്രങ്ങള്‍ ഫലം കണ്ടില്ല, സോണിയാ ഗാന്ധി തെരഞ്ഞെടുപ്പുവരെ അധ്യക്ഷയായി തുടരും

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്തു തുടരും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃമാറ്റ ആവശ്യം ഉന്നയിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നത് ഗാന്ധി കുടുംബമാണെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെന്നും അത്തരമൊരു വിചാരമുണ്ടെങ്കില്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും യോഗത്തില്‍ സോണി പറഞ്ഞു. ഏറെ വൈകാരികമായായിരുന്നു സോണിയയുടെ പ്രതികരണം. എന്നാല്‍ രാജിസന്നദ്ധത തള്ളിയ പ്രവര്‍ത്തകസമിതി, ഗാന്ധികുടുംബത്തില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ട തന്ത്രങ്ങള്‍ ഫലംകണ്ടില്ലെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ജി 23 നേതാക്കളില്‍ ആരും യോഗത്തില്‍ സോണിയയുടെ രാജി ആവശ്യപ്പെട്ടില്ല. യോഗത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ ആരും രാജിസന്നദ്ധത അറിയിച്ചില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തലാണ് നാലര മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. തോല്‍വി അതീവഗൗരവതരമാണെന്നും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളില്‍ കൃത്യയമായ ഇടപെടല്‍ നടത്തുമെന്നും പ്രവര്‍ത്തകസമിതി യോഗം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.

തോല്‍വിയുടെ ഗൗരവം പാര്‍ട്ടി മനസിലാക്കുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മുതിര്‍ന്ന നേതാക്കളുടെ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും ആദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here