യു.പി അടക്കം നാലിടത്തും ബി.ജെ.പി തേരോട്ടം, പഞ്ചാബിലേക്ക് ആം ആദ്മി ഭരണം വ്യാപിപ്പിച്ചു, മുഖമില്ലാതെ കോണ്‍ഗ്രസ്

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂ, ഗോവ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നേറ്റം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബ് ആംആദ്മി തൂത്തു വാരുന്ന കാഴ്ച.

312ലേക്ക് എത്തിയില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തേരോട്ടം. 260 സീറ്റുകളിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. മുഖ്യമന്ത്രിയും മത്സരിച്ച എല്ലാ സിറ്റിംഗ് മന്ത്രിമാരും ഇവിടെ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിനും ബി.എസ്.പിക്കും ദയനീയ തിരിച്ചടിയുണ്ടാകുമ്പോള്‍ സമാജുവാദി പാര്‍ട്ടി വ്യക്തമായ തിരിച്ചു വരവു നടത്തുകയാണ്. 125 സീറ്റുകളിലേക്ക് അവര്‍ ലീഡ് ഉയര്‍ത്തി. റായ്ബറേലിയില്‍ അടക്കം ബി.ജെ.പി മുന്നേറ്റത്തിന്റെ ചിത്രമാണ് പുറത്തു വരുന്നത്.

എഴുപതില്‍ നാല്‍പ്പതോളം സീറ്റുകളില്‍ മുന്നേറ്റം ഉറപ്പാക്കിയ ബി.ജെ.പിക്ക് ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ആദ്യഘട്ടത്തില്‍ ഏറെ പിന്നിലാണ്. കോണ്‍ഗ്രസുമായി ശക്തമായ മത്സരം നടത്തിയെങ്കിലും ഗോവയില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. മണിപ്പൂരില്‍ ബി.ജെ.പി 22 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍, കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ മാത്രമാണ്.

ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ നിലം തൊടാതെ തകരുന്ന കാഴ്ചയാണ് കോണ്‍ഗ്രസിന്. ആംആദ്മി 91 സീറ്റുകളില്‍ ലീഡു ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ നില 15 ലേക്കു ചുരുങ്ങുന്ന കാഴ്ചയാണ്. പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും ദയനീയ തോല്‍വിയെ അഭിമുഖീകരിക്കുന്ന കാഴ്ചയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here